പരവൂർ: നഗരസഭയിൽ 2024- 25 വർഷത്തേക്കുള്ള വിവിധ ഇനങ്ങളുടെ ലേലം മൂന്നാംതവണയും പരാജയം. 11 ഇനങ്ങൾ ലേലത്തിനു വച്ചെങ്കിലും രണ്ടെണ്ണം മാത്രമാണ് കരാറായത്. ബീഫ് സ്റ്റാൾ, ചിക്കൻ സ്റ്റാൾ, മത്സ്യച്ചന്ത, പച്ചക്കറി വ്യാപാരം, ആട്ടിറച്ചി വ്യാപാരം,
ബസ് സ്റ്റോപ്പ് പരസ്യം, എൽ.ഇ ഡി പോളുകളിൽ പരസ്യം പതിക്കൽ, പൊതുകുളം, കംഫർട്ട് സ്റ്റേഷൻ പിരിവ് എന്നിവയ്ക്ക് ആളില്ലായിരുന്നു.
രാമറാവു ആശുപത്രി ഒഴികെയുള്ളവയുടെ മേലാദായം, ബസ് സ്റ്റാൻഡ് ഫീസ് പിരിവ് എന്നിവയാണ് ലേലത്തിൽ പോയത്. ലേലം ഒഴിവാക്കി കരാർ നൽകേണ്ട അവസ്ഥയിലാണ് നഗരസഭ. മുൻവർഷങ്ങളിലും ലേലം മുടങ്ങിയപ്പോൾ നേരിട്ടു നൽകുകയാണുണ്ടായത്. ഇതുമൂലം തനതു വരുമാനത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. വികസന പ്രവർത്തനങ്ങളെ ഉൾപ്പെടെ ഇതു ബാധിക്കും. ചന്തയിൽനിന്നു മാത്രം 15.50 ലക്ഷം രൂപയാണ് 2024-25ൽ നഗരസഭ പ്രതീക്ഷിക്കുന്നത്. ബീഫ്സ്റ്റാൾ രണ്ടുവർഷമായി ലേലത്തിനെടുത്തവർക്ക് നഷ്ടമാണുണ്ടായത്. അനധികൃത കശാപ്പുശാലകൾചന്തയിലെ കച്ചവടം ഗണ്യമായി കുറയ്ക്കുന്നുണ്ട്. ഇതിനു തടയിടാൻ ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നുമില്ല. അംഗീകാരമില്ലാതെ വിവിധ സ്ഥലങ്ങളിൽ മത്സ്യവില്പന നടക്കുന്നുണ്ട്. കംഫർട്ട് സ്റ്റേഷനും വർഷങ്ങളായി ലേലത്തിൽ പോകുന്നില്ല. നഗരസഭ നേരിട്ടാണ് നടത്തുന്നത്. കുറഞ്ഞ വരുമാനം മാത്രമാണ് ഇവിടെ നിന്നുള്ളത്. മത്സ്യക്കുളവും ലേലം ചെയ്യാനാകുന്നില്ല.