കൊല്ലം: ആർത്തിരമ്പുന്ന കടലിൽ മാത്രമല്ല, കരയിലും കടലമ്മ കാവലിനുണ്ടെന്ന് വിശ്വസിച്ചാണ് അവർ തീരത്ത് അന്തിയുറങ്ങിയിരുന്നത്. കൂരകളേക്കാൾ അവർക്ക് വിശ്വാസം കടലമ്മയുടെ മടിത്തട്ടായിരുന്നു. പക്ഷെ വെള്ളിയാഴ്ച രാത്രി കടലമ്മയുടെ കണ്ണൊന്ന് ചിമ്മിയെ നിമിഷമാകും അവർക്കിടയിലേക്ക് നിയന്ത്രണം വിട്ടെത്തിയ ബൈക്ക് പാഞ്ഞുകയറി ചോര ചിതറിത്തെറിപ്പിച്ചത്.
സേലത്തുകാർ എന്നാണ് തീരങ്ങളിൽ നിന്ന് തീരങ്ങളിലേക്ക് സഞ്ചരിക്കുന്ന ഈ നാടോടികളെ കൊല്ലത്തുകാർ വിളിക്കുന്നത്. സേലത്തുകാരെന്നാണ് വിളിപ്പേരെങ്കിലും തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലുള്ളവർ കൂട്ടത്തിലുണ്ട്. വള്ളക്കാരോട് കടലമ്മയുടെ കനിവ് യാചിച്ചാണ് ഇവർ കഴിഞ്ഞുകൂടുന്നത്. മത്സ്യത്തൊഴിലാളികളുടെ മനസലിയാൻ ഇവർ വള്ളം കരയിലേക്ക് തള്ളിക്കയറ്റാൻ സഹായിക്കും. വള്ളത്തിൽ നിന്ന് മീൻ ലേലഹാളിൽ എത്തിക്കാനും ഒപ്പം കൂടും. വള്ളക്കാർ നൽകുന്ന ഭിക്ഷയ്ക്ക് പുറമേ തീരത്തേക്ക് വലിച്ചെറിയുന്ന കച്ചവടക്കാർ വാങ്ങാത്ത കടിയേറ്റ മീനുകളും വിറ്റാണ് ഇവർ വയർ നിറയ്ക്കുന്നത്. തീരത്തുവച്ച് തന്നെയാണ് ഇവർ ആഹാരം പാകം ചെയ്തിരുന്നത്. തീരത്ത് കൂര കെട്ടി അന്തിയുറങ്ങാമായിരുന്നെങ്കിലും അവർക്ക് ഇഷ്ടം കടലമ്മയുടെ തലോടലേറ്റുള്ള മയക്കമായിരുന്നു.

ജോലി കഴിഞ്ഞ് ഹാർബറിന് സമീപത്തെ ഷെഡിലാണ് ഇവരെല്ലാം അന്തിയുറങ്ങുന്നത്. കടുത്ത ചൂടായതിനാലാണ് റോഡരികിൽ കിടന്നുറങ്ങിയത്. അപകടത്തിൽപ്പെട്ടവരെല്ലാം നിർദ്ധനരായവരാണ്. വർഷങ്ങളായി കൊല്ലത്ത് കഴിയുന്ന പരശുറാം ഹാർബറിലെ ജീവനക്കാരുടെയും പ്രിയപ്പെട്ടവനായിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ

രക്തക്കളം

 നിമിഷങ്ങൾക്കുള്ളിൽ വാടിക്കും പോർട്ട് കൊല്ലം ഹാർബറിനുമിടയിലുള്ള ഭാഗം രക്തക്കളമായി

 മരിച്ച ഭിന്നശേഷിക്കാരനായ പരശുറാം നടക്കാൻ ഉപയോഗിച്ചിരുന്ന വടിയും പൊയ്ക്കാലും ചെരുപ്പുകളും നോമ്പരകാഴ്ചയായി

 ഊന്നുവടിയിലും വിരിച്ചുകിടന്ന തുണിയിലും രക്തം കട്ടപിടിച്ചുകിടന്നു

കാതിലിപ്പോഴും

നിലവിളി മുഴക്കം

അമിതവേഗത്തിലെത്തിയ ബൈക്കിന്റെ ശബ്ദത്തിന് പിന്നാലെ കൂട്ടകരച്ചിൽ ഉയർന്ന ദൃക്സാക്ഷി വിവരണം കേട്ടാണ് ജോനകപ്പുറത്തെ ജനങ്ങൾ ഉണർന്നത്. നിലവിളികൾ ഇപ്പോഴും കാതിൽ മുഴങ്ങി കേൾക്കാമെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ പ്രദീപ് പറയുന്നു. ഓടിയെത്തുമ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് ജീവനുവേണ്ടി പിടിയുന്ന ഒരുകൂട്ടം മനുഷ്യരെയായിരുന്നു. പരുശുറാമിന് ഒരു ഞരുക്കം മാത്രമെ ഉണ്ടായിരുന്നുള്ളു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു പരശുറാമും ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സരസ്വതിയും. സമയം പാഴാക്കാതെ ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരാണ് വിവരം പൊലീസിനെ അറിയിച്ചത്.

വാടി, പോർട്ട് കൊല്ലം ഹാർബറുകളിൽ നേരം ഇരുട്ടികഴിഞ്ഞാൽ സാമൂഹ്യവിരുദ്ധരുടെ താവളമാണ്. രാത്രിയായാൽ ഇതുവഴി പോകാൻ ഭയമാണ്.

നാട്ടുകാർ