കൊല്ലം: വർണവെറിയുടെ പ്രകടന വേദികളായി കലാരംഗം അധഃപതിച്ചിരിക്കുകയാണെന്ന് ദളിത് ആദിവാസി മഹാസഖ്യം രക്ഷാധികാരിയും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റുമായ പി.രാമഭദ്രൻ പറഞ്ഞു.
ദളിത് ആദിവാസി മഹാസഖ്യം സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം നിറത്തിന്റെയും ജാതിയുടെയും പേരിൽ സിനിമാതാരങ്ങൾ ഉൾപ്പടെ നേരിടുന്ന അഭിമാനക്ഷതങ്ങൾ നിരവധിയാണ്. ഇതിന്റെ തുടർച്ചയാണ് ഡോ. ആർ.എൽ.വി.രാമകൃഷ്ണനും അനുഭവിക്കേണ്ടി വന്നത്.
ഗോത്രകലകളിൽ നിന്നുരുത്തിരിഞ്ഞവയാണ് ശാസ്ത്രീയ നൃത്തവും സംഗീതവും മറ്റ് ആധുനിക കലകളുമൊക്കെ. തദ്ദേശീയ ദ്രാവിഡ ജനതയുടെ കലാപാരമ്പര്യത്തിലാണ് അവയുടെ വേരുകൾ. അതേ ദ്രാവിഡജനതയുടെ പിൻതലമുറയ്ക്ക് കലാമേഖലകളിൽ അയിത്തം കൽപ്പിക്കുന്ന ജന്മി മാടമ്പി മനോഭാവത്തിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് പി.രാമഭദ്രൻ ആവശ്യപ്പെട്ടു. ദളിത് ആദിവാസി മഹാസഖ്യം സംസ്ഥാന പ്രസിഡന്റും കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.എം.വിനോദ് അദ്ധ്യക്ഷനായി. രാമചന്ദ്രൻ മുല്ലശേരി, കെ.രവികുമാർ, ഡോ. കല്ലറ പ്രശാന്ത്, വി.കെ.ഗോപി, ആർ.രാജേഷ്, ജോസ് ആച്ചിക്കൽ, ഒ.സുധാമണി, പട്ടംതുരുത്ത് ബാബു, എം.കെ.അപ്പുക്കുട്ടൻ, എ.മുരുകദാസ്, ടി.പി.രാജൻ, കാവുവിള ബാബുരാജൻ, അയത്തിൽ സുദർശനൻ തുടങ്ങിയവർ സംസാരിച്ചു.