കൊല്ലം: മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന, കടപ്പാക്കട നവജ്യോതി നഗർ 91 കന്നിമേൽ വീട്ടിൽ ശ്യാമപ്രസാദിന്റെ (25) തൂങ്ങിമരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകും. കഴിഞ്ഞ 15നാണ് മൂവാറ്റുപുഴയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ ശ്യാമപ്രസാദിനെ കണ്ടെത്തിയത്. ചില സൂഹൃത്തുക്കളുമായുള്ള പണമിടപാടാണ് മരണത്തിന് പിന്നിലെന്ന് മാതാപിതാക്കളായ മോഹൻദാസും ഉഷാകുമാരിയും ആരോപിക്കുന്നു. ശ്യാമപ്രസാദിന്റെ സുഹൃത്തും മുമ്പ് കൂടെ ജോലിചെയ്തിരുന്നതുമായ കൊല്ലം സ്വദേശിയിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ച് ശ്യാമപ്രസാദിനെ പലതവണ ഇവർ ഭീഷണിപ്പെടുത്തുകയും മ‌ർദ്ദിക്കുകയും ചെയ്തു. 14ന് വീട്ടിലെത്തുമെന്ന് പറഞ്ഞ മകനെ കാണാതായതോടെ അമ്മ തിരക്കി താമസസ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സംഘം കൊലപ്പെടുത്തുമെന്ന ഭയത്തിലാണ് മകൻ ആത്മഹത്യ ചെയ്തതെന്നും നിയമ പോരാട്ടം തുടരുമെന്നും മാതാപിതാക്കൾ പറഞ്ഞു.