കുളത്തൂപ്പുഴ: പ്രധാനമന്ത്രിയുടെ പേരിലുള്ള സ്വയംതൊഴിൽ വായ്പ മറയാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതിയും പങ്കാളിയും പിടിയിൽ. കുളത്തൂപ്പുഴ പതിനൊന്നാം മൈൽ സുമിത ഭവനിൽ സുമിത, ഇവരുടെ പങ്കാളി ഏരൂർ ചില്ലിംഗ്പ്ലാന്റിന് സമീപം വിപിൻ സദനത്തിൽ വിപിൻ കുമാർ എന്നിവരാണ് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്.
ഒളിവിലായിരുന്ന വിപിൻകുമാർ വീട്ടിലെത്തിയതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഏരൂർ പാണയത്ത് ഒളിവിൽ താമസിച്ചിരുന്ന സുമിതയെ പൊലീസ് പിടികൂടിയത്.
സുമിത, വിപിൻ എന്നിവരെ കൂടാതെ കുളത്തൂപ്പുഴ സ്വദേശികളായ രമ്യ പ്രദീപ്, ഇവരുടെ ഭർത്താവ് ബിനു എന്നിവരടങ്ങുന്ന സംഘമാണ് തിരുവനന്തപുരം, കൊല്ലം ജില്ലയിൽ നിന്നുള്ള നിരവധി ആളുകളിൽ നിന്നുമായി കോടികൾ തട്ടിയെടുത്തത്.
ലക്ഷങ്ങൾ വായ്പ ലഭിക്കുമെന്നും ഇതിനായി മാർജിൻ മണി എന്ന നിലയിൽ ആദ്യം കുറച്ചു തുക അടയ്ക്കണമെന്നും വായ്പ ലഭിക്കുമ്പോൾ മുൻകൂർ വാങ്ങിയ പണത്തിന് പുറമേ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള തുക കൂടി നൽകാമെന്ന് ഉറപ്പ് നൽകിയാണ് ലക്ഷങ്ങൾ ഈ സംഘം വാങ്ങിയെടുത്തത്. എന്നാൽ ഏറെ നാൾ കഴിഞ്ഞിട്ടും വായ്പയോ പണമോ ലഭിക്കാതായതോടെയാണ് തട്ടിപ്പിനിരയായവർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
ഒളിവിലിരുന്ന പരാതിക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ രമ്യ പ്രദീപിനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ രമ്യ പ്രദീപിനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏറെ നാൾ കഴിഞ്ഞിട്ടും മറ്റ് പ്രതികളെ അറസ്റ്റ് ചെയതില്ലെന്നാരോപിച്ച് പരാതിക്കാർ സമരം ചെയ്തിരുന്നു. പരാതി നൽകി മൂന്ന് മാസത്തിന് ശേഷമാണ് മുഖ്യപ്രതി ഉൾപ്പെടെയുള്ളവർ പിടിയിലാകുന്നത്. ഒളിവിലുള്ള ബിനുവിനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചതായും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
കുളത്തൂപ്പുഴ എസ്. എച്ച.ഒ ബി. അനീഷിന്റെ നിർദേശപ്രകാരം എസ്.ഐ സജിയുടെ നേതൃത്വത്തിൽ എ.എസ്.ഐ വിനോദ്, സി.പി.ഒമാരായ രതീഷ്, സുജിത്ത്, വിമൽ, ഗിരീഷ്, കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.