ചവറ: പൊള്ളുന്ന വേനലിൽ ഒരു തുള്ളി കുടിവെള്ളം പോലും കിട്ടാതെ വലയുകയാണ് നീണ്ടകരക്കാർ. ദേശീയപാതനിർമ്മാണത്തിനിടെ പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നതാണ് കുടിവെള്ള ക്ഷാമത്തിന്റെ പ്രധാന കാരണം. പൊട്ടുന്ന പൈപ്പ് നന്നാക്കിയാൽ തന്നെ ആ പൈപ്പിലൂടെ ദുർഗന്ധം വമിക്കുന്ന ചെങ്കല്ല് നിറത്തിലുള്ള ചെളിവെള്ളമാണ് വരുന്നതെന്ന് നാട്ടുകാർ പറയുന്നു. ആ വെള്ളം കന്നുകാലികൾക്ക് പോലും കുടിയ്ക്കാൻ കൊടുക്കാൻ പറ്റില്ല. പരാതി പറഞ്ഞിട്ട് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാർ പറയുന്നു.
തടിതപ്പി വാട്ടർ അതോറിട്ടി
ദേശീയപാത അതോറിട്ടി തന്നെയാണ് പൊട്ടുന്ന പൈപ്പ് ലൈനുകൾ നന്നാക്കുന്നത്. വാട്ടർ അതോറിട്ടിയെ വിളിച്ചാൽ ദേശീയപാതക്കാരെ പഴിചാരി തടിതപ്പും. ദേശീയ പാതയുടെ പണി ആരംഭിച്ചതു മുതൽ ദേശീയപാത അതോറിട്ടിയാണ് പൈപ്പ്ലൈനുകൾ പൊട്ടുന്നത് ശരിയാക്കുന്നതും പുതിയ ലൈനുകൾ സ്ഥാപിക്കുന്നതും. കുടിവെള്ളം കിട്ടാനില്ലെങ്കിലും വാട്ടർ അതോറിട്ടിയുടെ ബില്ല് കൃത്യസമയത്ത് തന്നെ എത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.