കൊല്ലം: പെരിനാട് പഞ്ചായത്തിലെ ചെറുമൂട് സ്റ്റാർച്ച് ജംഗ്ഷനു സമീപമുള്ള സ്വകാര്യ പുരയിടം ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി. ഗ്രന്ഥകൈരളി ലൈബ്രറി മുതൽ സ്റ്റാർച്ചു ഫാക്ടറിയിലേക്കുള്ള ഇടറോഡിനോടു ചേർന്നുകിടക്കുന്ന 32 ഏക്കറിലധികമാണ് കാട് കയറിയത്.
ഇവിടെ തുടർച്ചയായി തീപിടിത്തവുമുണ്ട്. കഴിഞ്ഞദിവസവും റോഡരികിനോട് ചേർന്ന ഭാഗത്ത് തീ പടർന്നു പിടിച്ചിരുന്നു. വീതി കുറഞ്ഞ റോഡായതിനാൽ ഫയർഫോഴ്സിന് ഇവിടേക്ക് എത്താനാവില്ല. വലിയ തീപിടിത്തമുണ്ടായാൽ രക്ഷാപ്രവർത്തനം എങ്ങനെ സാദ്ധ്യമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. വർഷങ്ങളായി കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ പകൽ സമയത്തു പോലും ഇഴജന്തുക്കളെ പേടിച്ച് വഴിനടക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഗ്രന്ഥകൈരളി നഗർ റസിഡന്റ്സ് അസോസിയേഷനിലെ നാൽപതോളം വീട്ടുകാരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. വേനൽ കടുത്തപ്പോൾ സമീപത്തെ വീടുകളിലും പരിസരപ്രദേശങ്ങളിലും പകൽ സമയങ്ങളിൽ പോലും വിഷപ്പാമ്പുകൾ വിഹരിക്കുകയാണ്. സാമൂഹ്യവിരുദ്ധരും തെരുവുനായ്ക്കളും ഇഴജന്തുക്കളും സമീപവാസികൾക്കു തലവേദനയായി. രാത്രിയായാൽ പ്രദേശത്ത് മദ്യപാനവും ലഹരി ഉപയോഗവും വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു.
മാലിന്യ നിക്ഷേപവും
പ്രദേശം കാടുമൂടി കിടക്കുന്നതിനാൽ ഇവിടെ മാലിന്യ നിക്ഷേപവും വ്യാപകമാണ്. കോഴിമാലിന്യം ഉൾപ്പെടെയുള്ളവ രാത്രിയിൽ വാഹനങ്ങളിൽ എത്തിച്ച് വലിച്ചെറിയുന്നതിനാലാണ് തെരുവുനായ്ക്കളും ഇഴ ജന്തുക്കളും പെരുകുന്നത്. ഇതുവഴി കുട്ടികൾ ഉൾപ്പെടെയുള്ളവർ ഭീതിയോടെയാണ് നടക്കുന്നത്. പഞ്ചായത്ത് ഇടപെട്ട് വസ്തു ഉടമയെക്കൊണ്ട് കാട് വെട്ടിത്തെളിച്ച് പ്രദേശം വൃത്തിയാക്കണമെന്നും സംരക്ഷണഭിത്തി കെട്ടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇത് സംബന്ധിച്ച് പെരിനാട് പഞ്ചായത്തിൽ ഇന്ന് പരാതി നൽകും. ഇതിനുശേഷവും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ സമരപരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം.
കാട് വെട്ടിത്തെളിച്ച് ചുറ്റുമതിൽ കെട്ടാൻ അടിയന്തിര നടപടി സ്വീകരിക്കണം
ശിവൻ വേളിക്കാട്, പ്രസിഡന്റ്, ഗ്രന്ഥകൈരളി നഗർ റസിഡന്റ്സ് അസോസിയേഷൻ