പുനലൂർ: പുനലൂരിൽ കോൺഗ്രസിലെ പടലപ്പിണക്കം രൂക്ഷമായതോടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെ ബാധികുമോ എന്ന ആശങ്കയിലാണ് നേതാക്കൾ. മുൻ എം.എൽ.എയും കെ.പി.സി.സി അംഗവുമായിരുന്ന അന്തരിച്ച പുനലൂർ മധുവിന്റെ ഒഴിവിൽ പുനലൂർ നിയോജക മണ്ഡലത്തിലെ നേതാക്കളും പ്രർത്തകരും ആഗ്രഹിച്ചിരുന്ന ഡി.സി.സി ജനറൽ സെക്രട്ടറിയും തെന്മല പഞ്ചായത്ത് പ്രസിഡന്റുമായ കെ.ശശിധരനെ നിയമിക്കാതെ പുനലൂർ ബ്ലോക്ക് കമ്മിറ്റിക്ക് പുറത്തുള്ള ഒരു കോൺഗ്രസ് നേതാവിനെ നിയമിച്ചതാണ് പടലപ്പിണക്കങ്ങൾക്ക് കാരണം. ഇടത് കോട്ടയായിരുന്ന ആര്യങ്കാവ്, തെന്മല, കരവാളൂർ പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കാൻ അക്ഷീണം പ്രവർത്തിച്ച മുതിർന്ന നേതാവാണ് കെ.ശശിധരൻ. എന്നാൽ മണ്ഡലത്തിലെ തല മുതിർന്ന നേതാക്കളോടു പോലും ആലോചിക്കാതെയാണ് അഞ്ചൽ സ്വദേശിയായ സൈമൺ അലക്സിനെ ഉപരി ഘടകം കെ.പി.സി.സി അംഗമാക്കിയത്. ഇത് കോൺഗ്രസ് നേതാക്കളെയും അണികളെയും നിരാശരാക്കി. പടലപ്പിണക്കം ലോക്സഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുമോയെന്നാണ് നേതാക്കലുടെ ഇപ്പോഴത്തെ ആശങ്ക. കുളത്തൂപ്പുഴ, ഇടമുളയ്ക്കൽ പഞ്ചായത്തുകളിലെ മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതും ഏകപക്ഷീയമായാണെന്ന കാരണത്താൽ അവിടെയും അഭിപ്രായ ഭിന്നത രൂക്ഷമാണ്. ഇത്തരം പരാതികൾ നിലനിൽക്കെയാണ് യു.ഡി.എഫ് പുനലൂർ നിയോജകമണ്ഡലം ചെയ‌ർമാനെയും ആറ് മണ്ഡലം ചെയർമാൻമാരെയും ഒരു ആലോചനയുമില്ലാതെ പാർട്ടി നേതൃത്വം നിയമിച്ചതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കോൺഗ്രസ് 16 മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചപ്പോൾ ഭൂരിപക്ഷ സമുദായമായ ഈഴവ സമുദായത്തെ പൂർണമായും അവഗണിച്ചെന്നും പരാതിയുണ്ട്.