ചടയമംഗലം :വിദ്യാലയങ്ങളുടെ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന 22 കാരനെ അറസ്റ്റ് ചെയ്തു. ചിതറ മഹാദേവർകുന്നു ചരുവിള പുത്തൻ വീട്ടിൽ നൈസാമിനെയാണ് ചടയമംഗലം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ.രാജേഷിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര മാങ്കോട് കല്ലുവെട്ടാംകുഴി ഭാഗത്ത് വെച്ചു അറസ്റ്റ് ചെയ്തത്. 50 ഗ്രാം കഞ്ചാവും 19,000 രൂപയും സ്മാർട്ട് ഫോണും ബൈക്കും ഉൾപ്പെടെയാണ് പിടിയിലായത്. വിവിധ സ്കൂളുകളുടെ പരിസരങ്ങളിൽ പ്രതി കഞ്ചാവ് വിൽപ്പന നടത്തുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എ.എൻ. ഷാനവാസ്, ജി. ഉണ്ണികൃഷ്ണൻ സിവിൽ എക്‌സൈസ് ഓഫീസർമാരായഗിരീഷ് കുമാർ,ജയേഷ്, മാസ്റ്റർ ചന്തു, ശ്രേയസ് ബിൻസാഗർ, ഡ്രൈവർ സാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.