പത്തനാപുരം: ജില്ലാ കളക്ടർ എൻ.ദേവീദാസ് ഐ.എ.എസ് പത്തനാപുരം നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രമായ പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ച് പരിശോധന നടത്തി. 169 പോളിംഗ് സ്റ്റേഷനുകളിലേയ്ക്കും തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന് ശേഷം തിരിച്ചെടുക്കുന്നതും ഇവിടെയാണ്. സ്കൂളിലെ സൗകര്യങ്ങൾ ജില്ലാ കളക്ടർ പരിശോധിച്ചു നിർദ്ദേശങ്ങൾ നൽകി. തുടർന്ന് പത്തനാപുരം താലൂക്കാഫീസിലെത്തി വോട്ടർപ്പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകളുടെ തീർപ്പാക്കൽ പുരോഗതി വിലയിരുത്തി. കൊല്ലം തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ, ജെ.എസ്. സുരേഷ്കുമാർ, പത്തനാപുരം താലൂക്കോഫീസിലെ ഡെപ്യൂട്ടി തഹസീൽദാർ ഷിലിൻ ,തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ മനോജ് കുമാർ , അനു സത്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.