pp
എം എൽ എ പിസി വിഷ്ണുനാഥ് സജീവന്റെ വീട് സന്ദർശിച്ചപ്പോൾ

കുണ്ടറ: വലിച്ചുകെട്ടിയ പ്ലാസ്റ്റിക്ക് ഷീറ്റിന് താഴെ ഒറ്റമുറിയിലെ ദുരിതത്തിൽ നിന്ന് പുലിപ്ര വയണവിള വടക്കതിൽ വീട്ടിൽ അരയ്ക്ക് താഴെ തളർന്ന സജീവിനും (48) കുടുംബത്തിനും ആശ്വസമാകുന്നു. പി.സി.വിഷ്ണുനാഥ്‌ എം.എൽ.എയുടെ ഇടപെടലിലാണ് വീടൊരുങ്ങുന്നത്. 2017 ജൂൺ 4 നാണ് മരം മുറിപ്പ് തൊഴിലാളിയായ സജീവ് ജോലിക്കിടയിൽ അപകടത്തിൽപ്പെട്ടത്. മരക്കഷണം ശരീരത്തിൽ വീണ് അരയ്ക്ക്‌താഴെ സ്വാധീനം നഷ്ടപ്പെട്ടു. ചികിത്സയ്ക്കും മറ്റുമായി വലിയ തുക ചെലവായി. സ്വന്തമായുള്ള അഞ്ച് സെന്റിൽ ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചു. 2023 മാർച്ച്‌ അവസാനം ആദ്യഗഡുവായ 40,000 രൂപ ലഭിച്ചു. ഉണ്ടായിരുന്ന വീട് പൊളിച്ച് പുതിയ വീട് നിർമ്മിക്കാൻ പ്രവൃത്തികൾ ആരംഭിച്ചു. ഇതിനിടെ സജീവിന് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ഇതോടെ വീട് നിർമ്മാണത്തിന് ലഭിച്ച തുക ചികിത്സ ചെലവുകൾക്കായി വിനിയോഗിക്കേണ്ടിവന്നു. ആദ്യം ലഭിച്ച തുകയ്ക്ക് വീടിന്റെ അടിസ്ഥാനം നിർമ്മിച്ചു കാണിച്ചാലേ രണ്ടാം ഗഡു ലഭിക്കൂ. നിർമ്മാണം പ്രതിസന്ധിയിലായതോടെ സജീവും ഭാര്യ സിന്ധുവും രണ്ട് മക്കളും അടങ്ങുന്ന കുടുംബം ഒറ്റമുറി ഷെഡിലായി താമസം. സജീവിന്റെ ദുരിതം ശ്രദ്ധയിൽപ്പെട്ട എം.എൽ.എ സുഹൃത്തുക്കളുടെ സഹായത്തോടെ വീട് നിർമ്മിച്ച് നൽകാമെന്ന് ഇന്നലെ വീട്ടിലെത്തി അറിയിക്കുകയായിരുന്നു. താത്കാലികമായി കുടുംബത്തെ വാടകവീട്ടിലേക്ക് മാറ്റാനും ശ്രമങ്ങൾ നടക്കുന്നുണ്ട്.