 ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം

കൊല്ലം: ചൂട് കൂടുന്നതിനാൽ സൂര്യാഘാതം, സൂര്യാതപം എന്നിവ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. ശുദ്ധമായ വെള്ളം മാത്രം കുടിക്കണം. നിർജ്ജലീകരണ സാദ്ധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നന്ന്.

കൂടുതൽ സമയം വെയിലേറ്റ് ജോലി ചെയ്യുമ്പോൾ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങളിൽ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഉടനടി ചികിത്സ തേടണം. പൊള്ളിയ ഭാഗത്തെ കുമിളകൾ പൊട്ടിക്കരുത്. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടേണ്ടതുമാണ്. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർക്കുന്ന ചൂടുകുരു കുട്ടികളെയാണ് ബാധിക്കുന്നത്. അധികം വെയിൽ ഏൽക്കരുത്. തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കണം.

സൂര്യാതപം, സൂര്യാഘാതം

വറ്റിവരണ്ട ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും അബോധാവസ്ഥയും ഉണ്ടായേക്കാം. ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടണം. ശരീരശോഷണം, ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദ്ദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ. ഇതേ ലക്ഷണങ്ങൾ തന്നെ സൂര്യാഘാതത്തിലും ഉണ്ടാവാം.

പ്രതിരോധ മാർഗങ്ങൾ

 കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക

 രാവിലെ 11 മുതൽ 3 വരെ നേരിട്ടുള്ള വെയിൽ ഏൽക്കരുത്

 പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗം ഉള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം

 കുട്ടികളെ വെയിലത്ത് കളിക്കാൻ വിടരുത്. വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്

 വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടണം

 ക്ഷീണമോ സൂര്യാഘാതം ഏറ്റെന്നോ തോന്നിയാൽ തണലിലേക്ക് മാറണം

 മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും ചെയ്യണം

 പഴങ്ങളും സാലഡുകളും കഴിക്കണം