കൊല്ലം: കൊല്ലം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിന്റെ പൊതുസ്വീകരണ പരിപാടികൾക്ക് കിഴക്കൻ മലയോര മേഖലയായ റോസ്മലയിൽ ഇന്നലെ തുടക്കമായി. രാവിലെ റോസ്മലയിലെത്തിയ മുകേഷിനെ തൊഴിലാളികൾ രക്തഹാരങ്ങളണിയിച്ച് സ്വീകരിച്ചു.
മതമൈത്രിയുടെ അന്തരീക്ഷം ഇല്ലാതാക്കാൻ ശ്രമിക്കുന്നവരും അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. ഒരു പിഴവ് സംഭവിച്ചാൽ കേരളം ഡോ. ആർ.എൽ.വി.രാമകൃഷ്ണനെ അധിക്ഷേപിച്ച നർത്തകി സത്യഭാമമാരെ കൊണ്ട് നിറയുമെന്നും മുകേഷ് പറഞ്ഞു.
മന്ത്രി കെ.എൻ.ബാലഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ആര്യങ്കാവ് കരയാളാർ തോട്ടത്തിലെത്തിയ മുകേഷിനെ വീരനാട്യ നൃത്തത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. വൈകിട്ട് അച്ചൻകോവിലിലും വൻ സ്വീകരണമാണ് ലഭിച്ചത്. മൂന്നുമുക്ക്, പകൽവീട്, അച്ചൻകോവിൽ ക്ഷേത്രപരിസരം എന്നിവിടങ്ങളിലും പ്രചാരണം നടത്തി.
സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ.വരദരാജൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.ജയമോഹൻ,
സി.പി.ഐ നേതാവ് കെ.രാജു തുടങ്ങിയവർ പങ്കെടുത്തു.