പത്തനാപുരം: നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്ന പത്തനാപുരം- ഏനാത്ത് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി ഗതാഗതം മുടങ്ങിയത് യാത്രക്കാരെ വലക്കുന്നു. പട്ടാഴി വടക്കേകര പഞ്ചായത്തിലെ വരിക്കോലിക്കൽ ജംഗ്ഷന് സമീപത്തായാണ് റോഡിന്റെ മദ്ധ്യത്ത് പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ച് റോഡ് തകർന്നതാണ് ഗതാഗതം മുടങ്ങാൻ കാരണം. പട്ടാഴി, വടക്കേകര പഞ്ചായത്തിലെ പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത് ഇതോടെ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ള വിതരണവും മുടങ്ങി. മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും സമീപത്തെ വീടുകളിലേക്കും വെള്ളം ഇരച്ച് കയറി നാശനഷ്ടങ്ങളുണ്ടായി.
ഇഴഞ്ഞിഴഞ്ഞ് അറ്റകുറ്റപണികൾ
കഴിഞ്ഞ ഒരു വർഷത്തോളമായി നടക്കുന്ന റോഡിന്റെ അറ്റകുറ്റപണികൾ ഇഴഞ്ഞ് നീങ്ങുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ജർമൻ ടെക്‌നോളജിയിൽ നിർമ്മിക്കുന്ന പാതയുടെ അടിയിൽ സ്ഥാപിച്ച കുടിവെള്ളപൈപ്പുകളാണ് അടിക്കടി പൊട്ടി റോഡ് തകരുന്നത്.
ഗുണനിലവാരമിലാത്ത പൈപ്പായതിനാലാണ് റോഡ് പണി നടക്കുന്നതിനാൽ പൊട്ടുന്നത്. ഇത് സംബന്ധിച്ചും റോഡ് നിർമ്മാണത്തിലെ കാലതാമസത്തെക്കുറിച്ചും അന്വേഷണം വേണം.
പ്രദേശവാസികൾ