കൊല്ലം: വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെയുള്ള ദേശീയപാത പുനർ നിർമ്മാണം അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. തെരുവ് വിളക്കുകളൊക്കെ നീക്കിയതിനാൽ, വഴി തിരിച്ചുവിട്ടത് അറിയാതെ ഇരുചക്ര യാത്രികർ ഉൾപ്പെടെ രാത്രിയിൽ അപകടത്തിൽപ്പെടുന്നത് പതിവായി. ബി.ടെക് വിദ്യാർത്ഥി അടക്കം മൂന്നു പേർക്കാണ് ജില്ലയിൽ ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന ഭാഗങ്ങളിൽ ജീവൻ നഷ്ടമായത്.
ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത് ദേശീയപാത 74ഉം ദേശീയപാത 66ഉം സംഗമിക്കുന്ന കല്ലുംതാഴം ജംഗ്ഷൻ, കൊട്ടിയം കിംസ് ആശുപത്രിക്ക് മുൻവശം, ഒറ്റക്കൽ ജംഗ്ഷൻ, അയത്തിൽ ജംഗ്ഷൻ എന്നിവിടങ്ങളിലാണ്. ചുരുക്കം ചില ജംഗ്ഷനുകളിൽ മാത്രമാണ് ഗതാഗത നിയന്ത്രണത്തിന് നിർമ്മാണ കമ്പനിയുടെ ആൾക്കാരും പൊലീസും ഉള്ളത്. ഏറെ വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ ജംഗ്ഷനുകളിൽ രണ്ട് പേരെ നിയമിക്കുന്നതിന് പകരം ഒരാൾ മാത്രമേ ഉണ്ടാവൂ. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.
പുനർനിർമ്മാണത്തിന്റെ ഭാഗമായി നിലവിലെ റോഡിന്റെ വീതി കുറഞ്ഞതും റോഡിലെ കുഴികളും അപകടകാരണങ്ങളാണ്. പൊടിശല്ല്യം സമീപത്തെ വീട്ടുകാരും സ്ഥാപനങ്ങളും ഇരുചക്രവാഹന യാത്രികരും വലയുന്നു. വീതികുറഞ്ഞ ഭാഗത്ത് ബസുകൾ നിറുത്തുമ്പോൾ ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങൾ എതിരെ വരുന്ന വാഹനങ്ങളിൽ ഇടിച്ചുള്ള അപകടങ്ങളും കൂടുന്നുണ്ട്. സുരക്ഷ മാനദണ്ഡങ്ങൾ നിർമ്മാണ കമ്പനി അധികൃതർ പാലിക്കാതിരുന്നിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു.
ഇരുട്ടിൽ വലയുന്നു
ബൈപ്പാസിൽ മതിയായ വെളിച്ചമില്ലാത്തതിനാൽ യാത്രക്കാർ ഇരുട്ടിൽ തപ്പിത്തടയുകയാണ്. റോഡ് പണിക്കെടുത്ത കുഴികളുടെ തൊട്ടടുത്തെത്തുമ്പോഴാണ് ഇവ കാണുന്നത്. ഇവിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളുമില്ല. റോഡിലേക്ക് ഇറക്കിയിട്ടിരിക്കുന്ന നിർമ്മാണ സാമഗ്രികളിൽ തട്ടിയും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.