thozhil
തൊഴിലുറപ്പ്

കൊല്ലം: അടുത്ത സാമ്പത്തിക വർഷം ജില്ലയിൽ 1.5 കോടി തൊഴിൽ ദിനങ്ങൾ ലക്ഷ്യമിട്ട് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലേബർ ബഡ്ജറ്റ്. ഇതിൽ 70 ശതമാനവും നീരുറവകളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമായാണ് നീക്കിവച്ചിരിക്കുന്നത്.

ഇപ്പോൾ തയ്യാറാക്കിയ ലേബർ ബഡ്ജറ്റിന്റെ 60 ശതമാനം മാത്രമേ ആദ്യഘട്ടത്തിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അംഗീകരിക്കാൻ സാദ്ധ്യതയുള്ളു. അനുവദിക്കുന്ന തൊഴിൽ ദിനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി കൂടുതൽ തൊഴിൽ ദിനങ്ങൾ വാങ്ങിയെടുക്കുന്നതാണ് കേരളത്തിലെ പതിവ്. അതിനായി ജില്ലയിൽ ഏപ്രിൽ ഒന്ന് മുതൽ തന്നെ പുതിയ ബഡ്ജറ്റ് പ്രകാരം തൊഴിൽ നൽകാനുള്ള ഒരുക്കങ്ങൾ തുടങ്ങി.

നീരുറവകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യവും ചെളിയും നീക്കി ഒഴുക്ക് സുഗമമാക്കൽ, കോൺക്രീറ്റ് പാർശ്വഭിത്തി നിർമ്മാണം, കയർഭൂവസ്ത്രം വിരിക്കൽ, ജലസേചനത്തിന് ചെറുതും വലുതുമായ തടയണകളുടെ നിർമ്മാണം തുടങ്ങിയവയാണ് നീരുറവുകളുടെ സംരക്ഷണ പദ്ധതിയിലുള്ളത്. ഇതിനുള്ള സർവേ കഴിഞ്ഞ വർഷം ആരംഭിച്ചു. മുൻ വർഷങ്ങളിൽ നീരുറവകളുടെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് നവീകരിച്ചിരുന്നത്. ഇത്തവണ സമ്പൂർണ നവീകരണമാണ് ലക്ഷ്യമിടുന്നത്.

ജില്ലയിൽ ഇത്തവണ 1.4 കോടി പിന്നിട്ടു

 ഈ സാമ്പത്തിക വർഷം ഇതുവരെ ജില്ലയിൽ 1.4 കോടി തൊഴിൽ ദിനങ്ങൾ നൽകിക്കഴിഞ്ഞു

 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 1.10 കോടി പിന്നിടുമെന്ന് പ്രതീക്ഷ

 കൂലി കുടിശികയും കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച് തുടങ്ങി

 വർദ്ധിച്ച കൂലിയായിരിക്കും അടുത്ത വർഷം ലഭിക്കുക

കൂലി വർദ്ധനവ് ഉടൻ

എല്ലാ സംസ്ഥാനങ്ങളിലെയും തൊഴിലുറപ്പ് പദ്ധതി കൂലി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കൂലി വർദ്ധനവ് നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയിരിക്കുകയാണ്.

അംഗങ്ങൾ - 6.12 ലക്ഷം

സജീവ അംഗങ്ങൾ - 2.58 ലക്ഷം

ഒരു ദിവസത്തെ കൂലി - ₹ 333

അടുത്ത സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ തന്നെ തൊഴിൽ നൽകാനുള്ള നടപടികൾ പൂർത്തിയായി.

സി.എസ്.ലതിക

ജോയിന്റ് പ്രോഗ്രാം കോ- ഓഡിനേറ്റർ