cc
പലിത്രേശ്വരം പഞ്ചായത്തിലെ തുരുത്തേൽമുക്ക് - ഇന്ത്യൻ ബാങ്ക് റോഡിൽ

കാരുവേലിൽ : എട്ട് വ‌ർഷത്തിലധികമായി സഞ്ചാരയോഗ്യമല്ലാതിരുന്ന റോഡിന് തിരഞ്ഞെടുപ്പായപ്പോൾ തൊലിപ്പുറത്ത് ചികിത്സ. പലിത്രേശ്വരം പഞ്ചായത്തിലെ തുരുത്തേൽമുക്ക് - ഇന്ത്യൻ ബാങ്ക് റോഡിൽ കോഴിക്കോടൻ മുക്ക് ,ഗുരുമന്ദിരം ഭാഗത്തെ ഏറ്റവും വഷളായ സ്ഥലങ്ങളിൽ ചരലും സിമന്റുമുപയോഗിച്ചാണ് പഞ്ചായത്ത് കുഴിയടപ്പ് നടത്തുന്നത്. മൂന്ന് ദേവാലയങ്ങളും ഒരു വിദ്യാലയവുമുള്ള ഈ റൂട്ടിൽ റീ ടാറിംഗിന്റെ കാലവും കഴിഞ്ഞ് ജനം അക്ഷമരായി കഴിയുമ്പോഴാണ് കണ്ണിൽ പൊടുന്ന കുഴയടപ്പുമായി അധികൃതരെത്തുന്നത്.

എം.എൽ.എ ,പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുൾപ്പടെ പല അധികാര സ്ഥാപനങ്ങളിലും ഏകദേശം 800 പേർ ഒപ്പിട്ട നിവേദനം നൽകി. റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ പോലും വരാൻ മടിക്കുന്നു. ഈ മേഖലയിലുള്ളവർ വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ആവശ്യം നേരത്തെ മുന്നോട്ടു വച്ചിരുന്നു .എന്നാൽ തിരഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയെ ശക്തമാക്കുന്നതിനാൽ ജനങ്ങളെ ബോധവത്കരിച്ചു ബഹിഷ്‌കരണാഹ്വാനത്തിൽ നിന്ന് പിന്തിരിപ്പിച്ചു. ഇലക്ഷൻ കഴിഞ്ഞാൽ പ്രത്യക്ഷ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കും.

ജി.തുളസീധരൻ

എസ്.എൻ.ഡി.പി യോഗം കാരുവേലിൽ

829 ാം നമ്പർ ശാഖ പ്രസിഡന്റ്

സ്വന്തമായുള്ള ഓട്ടോ സവാരി നടത്തിയാണ് ഉപജീവനം. ഈ റോഡിലൂടെ ഓട്ടം പോയി വാഹനത്തിന്റെ ഭാഗങ്ങൾ ഓരോന്നായി നശിച്ചു.

ശശിധരൻ

ഓട്ടോ ഡ്രൈവർ

പൊയ‌്‌കവിള കിഴക്കതിൽ

കാരുവേലിൽ