
കൊല്ലം: ലോക്സഭ തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട പരാതികൾ നൽകുന്നതിനുള്ള 'സി വിജിൽ' ആപ്പിൽ പരാതി പ്രവാഹം. ഇതുവരെ ലഭിച്ചത് 1323 പരാതികൾ. ഇതിൽ 1271 പരാതികൾ പരിഹരിച്ചു.
45 പരാതികളിൽ കഴമ്പില്ലെന്ന് കണ്ടെത്തി. ശേഷിക്കുന്നവയുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ചവറ നിയോജക മണ്ഡലത്തിൽ നിന്നാണ് ഏറ്റവും അധികം പരാതികൾ ലഭിച്ചിട്ടുള്ളത്. ഇതിൽ അനധികൃതമായ പ്രചാരണസാമഗ്രികൾ പതിക്കൽ, പോസ്റ്ററുകൾ, ഫ്ളെക്സുകൾ എന്നിവയ്ക്കെതിരെയാണ് കൂടുതൽ പരാതികളും. പണം, സമ്മാനം, മദ്യം എന്നിവയുടെ വിതരണം അനധികൃത പോസ്റ്ററുകൾ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തൽ, വോട്ടിനായി മതപരമായ സന്ദേശം പ്രചരിപ്പിക്കൽ തുടങ്ങിയ പരാതികളാണ് സി-വിജിൽ ആപ്പിലൂടെ നൽകാനാകുക.
100 മിനിറ്റിനുള്ളിൽ നടപടി
പരാതി നൽകി 100 മിനിറ്റിനുള്ളിൽ നടപടി
തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതികൾ ശബ്ദരൂപത്തിലും വീഡിയോയായും നൽകാം
പരാതിക്കാരുടെ പേര് ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം
പരാതിക്കാരന്റെ ലൊക്കേഷൻ വിവരങ്ങൾ ആപ്പ് ശേഖരിക്കും
ചട്ടലംഘനം കണ്ടെത്തിയ പരിസരത്ത് നിന്നുതന്നെ വേണം പരാതി സമർപ്പിക്കാൻ
പരാതി പരിഹാരത്തിന് 24 മണിക്കൂറും പ്രത്യേക സംഘം
പരാതി നൽകേണ്ട വിധം
പ്ലേസ്റ്റോർ - ആപ്പ് സ്റ്റോറിൽ നിന്ന് സി വിജിൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. ആപ്പ് ഓപ്പൺ ചെയ്ത് ഭാഷ തിരഞ്ഞെടുക്കണം. പേര് വെളിപ്പെടുത്തിയാണ് പരാതി നൽകുന്നതെങ്കിൽ മൊബൈൽ നമ്പർ നൽകണം. ഇതിലേക്ക് ലഭിക്കുന്ന ഒ.ടി.പിയും അടിസ്ഥാന വിവരങ്ങളും നൽകി ലോഗിൻ ചെയ്ത് പരാതി നൽകാം. പേര് ഒഴിവാക്കി പരാതി അയക്കാമെങ്കിലും തുടർനടപടിയെക്കുറിച്ച് അറിയാനാകില്ല.
ഇതുവരെ ലഭിച്ചത്
1323 പരാതികൾ
സി വിജിൽ ആപ്പിൽ ലഭിക്കുന്ന പരാതികൾ കൃത്യമായി പരിശോധിച്ച് നടപടികൾ സ്വീകരിക്കുന്നുണ്ട്.
എൻ.ദേവിദാസ്, ജില്ലാ കളക്ടർ