b
ക്ഷേത്രയുടെ ക്ലാസ്ടീച്ചർ സന്ധ്യ അന്ത്യ ചുംബനം അർപ്പിക്കുന്നു

ചവറ: കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് മഹോത്സവത്തിനിടെ വണ്ടിക്കുതിര വലിക്കുമ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച, ചവറ വടക്കുംഭാഗം പാറശേരി തെക്കതിൽ വീട്ടിൽ രമേശന്റെയും ജിജിയുടെയും മകൾ അഞ്ചു വയസുകാരി ക്ഷേത്രയ്ക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ നിന്ന് ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ക്ഷേത്ര പഠിച്ചിരുന്ന ചവറ സൗത്ത് കുളങ്ങരവെളി ഗവ.ലക്ഷ്മി വിലാസം എൽ.പി സ്കൂളിൽ പൊതുദർശനത്തിന് എത്തിച്ചത്. സ്കൂളിലെ എൽ.കെ.ജി വിദ്യാ‌ർത്ഥിയായിരുന്നു ക്ഷേത്ര. കുഞ്ഞുകാലുകളിൽ ഓടിക്കളിച്ചിരുന്ന സ്കൂൾ മുറ്റത്തേക്ക് ചേതനയറ്റ ശരീരമായി ക്ഷേത്ര എത്തിയത് അദ്ധ്യാപകരെയും സഹപാഠികളെയും മറ്റ് രക്ഷിതാക്കളെയും കണ്ണീർക്കടലിലാഴ്ത്തി. സങ്കടം സഹിക്കാനാകാതെ അദ്ധ്യാപികമാർ വാവിട്ടുകരഞ്ഞു. ചുവന്ന റോസാപ്പൂക്കളാൽ സഹപാഠികൾ കണ്ണീരോടെ ക്ഷേത്രയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. അപകടം ഉണ്ടാകുന്നതിന് തലേ ദിവസവും ക്ഷേത്ര സ്കൂളിലുണ്ടായിരുന്നു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായിരുന്നു ക്ഷേത്ര. മത്സരങ്ങളിൽ സമ്മാനങ്ങളും നേടുമായിരുന്നെന്ന് ക്ലാസ് ടീച്ചർ സന്ധ്യ നിറകണ്ണുകളോടെ പറഞ്ഞു. സ്കുളിലെ മെരിറ്റ് എക്സാമിൽ അവാർഡും ലഭിച്ചിട്ടുണ്ട്. സുജിത് വിജയൻ പിള്ള എം.എൽ.എയും സ്കൂളിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

സ്കൂളിലെ പൊതുദർശനത്തിന് ശേഷം 3.35 ഓടെയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. വീട്ടിലേക്കുള്ള വഴിയിലും ക്ഷേത്രയെ അവസാനമായി ഒരുനോക്ക് കാണാൻ നാട്ടുകാർ തടിച്ചുകൂടി. 3.45 ഒടെ ആംബുലൻസ് വടക്കുംഭാഗം പാറശേരി തെക്കതിൽ വീട്ടിൽ എത്തിയപ്പോഴേക്കും അകാലത്തിൽ പൊലിഞ്ഞ പിഞ്ചോമനയെ അവസാനമായി ഒന്നുകാണാൻ സങ്കടക്കടലായിമാറി ഗ്രാമം. ബന്ധുക്കളും നാട്ടുകാരും കരഞ്ഞുവിളിച്ച് ക്ഷേത്രയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. അച്ഛൻ രമേശനും അമ്മ ജിജിയും മകളുടെ ജീവനറ്റ ശരീരത്തിലേക്ക് അലമുറയിട്ട് തളന്നു വീണു. സഹോദരി ഇന്ദ്ര കുഞ്ഞനുജത്തിക്ക് അന്ത്യചുംബനമപ്പിച്ച കാഴ്ച ഹൃദയഭേദകമായി. 4.30ന് മൃതദേഹം വീട്ടിൽ സംസ്കരിച്ചു.