കൊല്ലം: ഏറെക്കാലം കാത്തിരുന്ന് സർക്കാർ പണം അനുവദിച്ചിട്ടും തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ നിർമ്മാണ പ്രവൃത്തികളുടെ ബില്ലുകൾ മാറി ലഭിക്കാതെ കരാറുകാർ പ്രതിസന്ധിയിൽ. സോഫ്ട്‌വെയർ തകരാറാണ് കരാറുകാർ ഇനിയും ആഴ്ചകൾ കാത്തിരിക്കേണ്ട ദുരവസ്ഥ സൃഷ്ടിച്ചത്.
മാർച്ച് 19 വരെ ട്രഷറിയിൽ എത്തിയ ബില്ലുകൾ ഇന്നലെ വരെ മാറി നൽകുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. തടസമില്ലാതെ ബില്ലുകൾ സമർപ്പിക്കുന്നതിന് ധനവകുപ്പ് മേഖല തിരിച്ച് പ്രത്യേക സമയക്രമവും നിശ്ചയിച്ചിരുന്നു. പക്ഷേ സാംഖ്യ, പ്രൈസ് തുടങ്ങിയ സോഫ്ട്‌വെയറുകൾ ഈ സമയങ്ങളിൽ സ്തംഭിച്ചുനിൽക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പേ കടം വാങ്ങി പൂർത്തിയാക്കിയ പദ്ധതികളുടെ പണം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന കരാറുകാർ ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഗുണനിലവാര പരിശോധന റിപ്പോർട്ട് ലഭിച്ചില്ലെന്ന പേരിൽ അര ലക്ഷം രൂപയുടെ ബില്ലുകൾ പോലും തടഞ്ഞുവച്ചിരിക്കുകയാണ്. ഈ റിപ്പോർട്ട് ലഭിക്കാൻ ഇനിയും മാസങ്ങൾ കാത്തിരിക്കണം.
കുരുക്കുണ്ടാക്കിയതോ !
പണം നൽകാതിരിക്കാൻ സാംഖ്യ, പ്രൈസ് സോഫ്ട്‌വെയറുകളിൽ ബോധപൂർവം സർക്കാർ അധികൃതർ തന്നെ കുരുക്ക് സൃഷ്ടിച്ചതാണെന്ന് ആരോപണമുണ്ട്.
സമയപരിധി നീട്ടണം
സോഫ്ട്‌വെയർ തകരാർ കാരണം ബില്ലുകൾ മാറാൻ കഴിയാത്ത സാഹചര്യത്തിൽ ഈ മാസം 31 വരെ സമയപരിധി നീട്ടണമെന്ന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്.ബൈജു, സെക്രട്ടറി ദിലീപ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.