കൊല്ലം: അമേരിക്കയിലെ വിർജീനിയ ടെക്കിലെ ഫ്രാലിൻ ബയോമെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പോസ്റ്റ് ഡോക്‌ടറൽ അസോസിയേറ്റായ ഡോ. എസ്.കാർത്തി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഫെലോഷിപ്പിന് അർഹയായി. ഹൃദ്‌രോഗത്തെ കേന്ദ്രീകരിച്ചാണ് ഗവേഷണം.
ദുർബലമായ ഹൃദയത്തിന് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യാൻ കഴിയില്ല. സമ്മർദ്ദ ത്തിൻ കീഴിൽ ഊർജ്ജ ഉത്പാദനത്തിനും പ്രവർത്തനങ്ങളിലും ഹൃദയപേശികൾ എങ്ങനെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന വിഷയത്തിലാണ് ഗവേഷണം. വിർജീനിയ ടെക് അസി. പ്രൊഫസർ ഡോ.ജുങ്കോ വാറനാണ് കാർത്തിയുടെ മെന്റർ.
2023ൽ ഡോ.കാർത്തിക്ക് വിർജീനിയ ടെക് റിസർച്ച് ആൻഡ് ഇന്നവേഷൻ പോസ്റ്റ് ഡോക്‌ടറൽ സ്കോളർഷിപ്പും ഗ്രാജ്വേറ്റ് വുമൺ ഇൻ സയൻസ് നാഷണൽ ഫെലോഷിപ്പ് ഓണററി അവാർഡും ലഭിച്ചു. തിരുവനന്തപുരം ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നാണ് ഡോ.കാർത്തി ഡോക്ടറേറ്റ് ബിരുദം നേടിയത്. കൊല്ലം ശ്രീനാരായണ പബ്ലിക് സ്‌കൂളിലെയും അമൃത വിശ്വവിദ്യാപീഠത്തിലെയും പൂർവ വിദ്യാർത്ഥിയാണ്.
കൊല്ലം തെക്കേവിള പുത്തൻനട നഗർ-35 കളിയിലഴികത്ത് കാർത്തികയിൽ എസ്.രവീന്ദ്രൻ പിള്ളയുടെയും (റിട്ട. ബി.ആർ.ഒ ഓഫീസർ) എൽ.ശ്രീദേവിയുടെയും മകളാണ്. കോഫി ബോർഡ് ഒഫ് ഇന്ത്യയിൽ ഉദ്യോഗ സ്ഥനായ ഡോ.പി.എം.സന്ദീപാണ് ഭർത്താവ്. വിർജീനിയിലെ റൊണോക്ക് ഗ്രീൻവാലി സ്‌കൂൾ വിദ്യാർത്ഥികളായ ഗൗതം.എസ്.നായർ, ജഗൻ.എസ്.നായർ എന്നിവർ മക്കളാണ്.