കുളത്തൂപ്പുഴ: ഇടതടവില്ലാതെ പാറയും മെറ്റിലും എം സാൻഡും കയറ്റിവരുന്ന ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പൊതുനിരത്തിൽ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയായി.
സ്കൂൾ സമയ അടിസ്ഥാനത്തിൽ രാവിലെ 8 മുതൽ വൈകിട്ട് 3 വരെ സമയം ക്രമീകരിച്ച് പോകണമെന്നുള്ള നിയമം നിലവിലിരിക്കെയാണ് ടോറസ്, ടിപ്പർ വിഭാഗത്തിലുള്ള ലോറികളുടെ മരണപ്പാച്ചിൽ.
ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്
പൊലീസ്,മോട്ടോർ വാഹന വകുപ്പ് വിഭാഗങ്ങൾ പകൽ സമയങ്ങളിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് പല ലോറികളും തലങ്ങും വിലങ്ങും സഞ്ചരിക്കുന്നത്.പാറ,മണൽ,മെറ്റൽ തുടങ്ങിയ നിർമ്മാണ സാമഗ്രികൾ കയറ്റി വരുന്ന ടോറസ് ലോറികൾ മേൽമൂടി പോലും ഇല്ലാതെയാണ് പ്രധാന പാതകളിലൂടെ സഞ്ചരിക്കുന്നത്. എതിർദിശയിൽ നിന്ന് പുറകെയുള്ള സഞ്ചരിക്കുന്ന വാഹന യാത്രികർക്കും ഭീഷണിയായി തീർന്നിരിക്കുകയാണ് സുരക്ഷിതമില്ലാതെ ലോഡുമായി ഓടുന്ന ലോറികൾ.ഇതിനെതിരെ ബന്ധപ്പെട്ട അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ പൊതുവഴിയിൽ വാഹനങ്ങൾ തടഞ്ഞു നിറുത്തി നിയമ നടപടികളിലേക്ക് പോകുമെന്ന് നാട്ടുകാർ പറഞ്ഞു.