കൊല്ലം: കൊല്ലം ലോക് സഭാ മണ്ഡലം എൽ.എഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിന്റെ പൊതു സ്വീകരണ പരിപാടി കഴിഞ്ഞ ദിവസം തെന്മലയുടെ വിവിധ ഭാഗങ്ങളിൽ നടന്നു. രാവിലെ തെന്മല ഡാമിന് മുന്നിലെ ജംഗ്ഷനിന് സമീപത്തെ രക്തസാക്ഷി സ്തൂപത്തിന് മുന്നിൽ നിന്നായിരുന്നു തുടക്കം. ഇടതുപക്ഷം എപ്പോഴും തൊഴിലാളികൾക്കൊപ്പമാണ്. അവരുടെ ആവശ്യങ്ങൾ ഏതറ്റം വരെയും പോയും സാധിച്ചുകൊടുക്കുന്നത് ഇടതുപക്ഷമാണെന്നും മുകേഷ് പറഞ്ഞു. തുടർന്ന് ഒറ്റക്കൽ, പള്ളിമുക്ക്, ഉറുകുന്ന്, ഉറുകുന്ന് കോളനി, അണ്ടൂർപച്ച, നേതാജി, റെയിൽവേ സ്റ്റേഷൻ, ലക്ഷം വീട് എന്നിവിടങ്ങൾ വഴി തെന്മല ടൗണിലെത്തി. ചൂട് വകവയ്ക്കാതെ കാത്തുനിന്ന ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗത്തിന് തുടക്കം. മതേതരത്വം സംരക്ഷിക്കാൻ ഇടതുപക്ഷ മുന്നണിയെ വിജയിപ്പിക്കണമെന്നായിരുന്നു അഭ്യർത്ഥന. ഉച്ചയ്ക്ക് ശേഷം ആര്യങ്കാവ് പഞ്ചായത്തിലെ ഇരുളൻകാട്, ഫ്‌ളോറൻസ്, അമ്പനാട്, കഴുതുരുട്ടി, കുറവൻതാവളം എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ശേഷം മാമ്പഴത്തറയിൽ സമാപിച്ചു.