samudra
കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രം സംഘടിപ്പിച്ച ഉച്ചനീചത്വത്തിനെതിരായ പോരാട്ടം ആധുനിക സമൂഹത്തിൽ എന്ന വിഷയത്തിൽ നടന്ന സെമിനാർ കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പുതിയ കാലഘട്ടത്തിലും ഉച്ചനീചത്വ വിചാരങ്ങൾ ശക്തിയാർജിക്കുന്നത് ഏറെ ദുഃഖകരമായ അവസ്ഥയാണെന്ന് കേരള കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി. രാമഭദ്രൻ പറഞ്ഞു. കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രം സംഘടിപ്പിച്ച ഉച്ചനീചത്വത്തിനെതിരായ പോരാട്ടം ആധുനിക സമൂഹത്തിൽ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരു, മഹാത്മ അയ്യൻകാളി തുടങ്ങിയ മഹാമനീഷികളുടെ നേതൃത്വത്തിൽ നവോത്ഥാന പ്രവർത്തനങ്ങൾ നടന്ന മണ്ണാണിത് ഈ മണ്ണിൽ നിന്നുകൊണ്ട് ജാതിയുടെയും നിറത്തിന്റെയും പേരിൽ അധിക്ഷേപങ്ങൾ ചൊരിയുന്നത് പൊറുക്കാൻ കഴിയുന്ന കാര്യമല്ല. കലാകാരന്മാരെ അധിക്ഷേപിക്കുന്നതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് വേണമെന്നും ഉച്ചനീചത്വങ്ങൾക്കെതിരായ പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു. സമുദ്രതീരം ചെയർമാൻ എം. റുവൽ സിംഗ് അദ്ധ്യക്ഷത വഹിച്ചു. കവി ബാബു പാക്കനാർ വിഷയാവതരണം നടത്തി. ശ്രീകുമാർ പ്ലാക്കാട്, ഡോ. ആർ. ജയചന്ദ്രൻ, ജയഘോഷ് പട്ടേൽ, എസ്.ആർ. മണികണ്ഠൻ, കെ.ജി. രാജു തുടങ്ങിയവർ സംസാരിച്ചു. സമുദ്രതീരം പ്രസിഡന്റ് ശരത് ചന്ദ്രൻപിള്ള സ്വാഗതവും വൈസ് പ്രസിഡന്റ് ആശ നന്ദിയും പറഞ്ഞു.