കൊല്ലം: പുനരുദ്ധരിച്ച, മുണ്ടയ്ക്കൽ അമൃത് കുളങ്ങര മഹാദേവ ചുറ്റമ്പലത്തിന്റെ സമർപ്പണം ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിർവഹിച്ചു.
ആരാധനാലയങ്ങളും ദേവാലയങ്ങളുമെല്ലാം നാടിന്റെ വിളക്കും പ്രകാശവുമായാണ് അറിയപ്പെടുന്നതെന്ന് തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ആത്മീയതയുടെ പ്രകാശം മാനവ സമൂഹത്തിന്റെ ജീവിതഗന്ധികളായ എല്ലാ വിഷയങ്ങളിലേക്കും കടന്നുചെന്ന് അവരുടെ ജീവിതത്തിന് നേരായ വഴിയും വഴികാട്ടിയുമാകുമെന്നുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ആരാധനാലയങ്ങൾ വിളക്കാണെന്ന് പറയപ്പെടുന്നതെന്ന് അദേഹം അഭിപ്രായപ്പെട്ടു.
ഇന്നലെ വൈകിട്ട് 6.30ന് ക്ഷേത്രം തന്ത്രി തടത്തിൽമഠം ടി.കെ. ചന്ദ്രശേഖരൻ, മേൽശാന്തി എസ്. സുമേഷ്കുമാർ എന്നിവർ ശ്രീകോവിലിൽ നിന്ന് പകർന്ന ദീപം കൊളുത്തിയാണ് സ്വാമി ശുഭാംഗാനന്ദ ചുറ്റമ്പല സമർപ്പണം നിർവഹിച്ചത്. ക്ഷേത്രത്തിൽ നിന്ന് പൂജിച്ച നൽകിയ പൂർണകുംഭം അദ്ദേഹം ഏറ്റുവാങ്ങി. സമ്മേളനത്തിൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പി. മോഹനൻ അദ്ധ്യക്ഷനായി. ഉത്സവ പ്രോഗ്രാം കൺവീനർ രേവന്ദ് രാജു, ക്ഷേത്ര ഭരണ സമിതി സെക്രട്ടറി വൈ.പി. സൈജു, കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, ശിവഗിരിമഠത്തിലെ സ്വാമി വിശാലാനന്ദ, സന്തോഷ്കുമാർ ജലാധരൻ,
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ കെ.എസ്. ജ്യോതി, ചലച്ചിത്ര പിന്നണി ഗായകൻ ഡോ. ആശ്രാമം ഉണ്ണിക്കൃഷ്ണൻ, ക്ഷേത്ര ഭരണസമിതി രക്ഷാധികാരി തൊളിയറ പ്രസന്നൻ, മുണ്ടയ്ക്കൽ ഡിവിഷൻ കൗൺസിലർ കുരുവിള ജോസഫ്, ക്ഷേത്ര ഭരണസമിതി രക്ഷാധികാരി എസ്. സുരേഷ്ബാബു, ട്രഷറർ വി. കുമാർ, ക്ഷേത്രം തന്ത്രി തടത്തിൽമഠം ടി.കെ. ചന്ദ്രശേഖരൻ, മേൽശാന്തി എസ്.സുമേഷ്കുമാർ, നിത്യശാന്തി ധനീഷ്, ക്ഷേത്ര ശില്പി സതീഷ്കുമാർ കാവനാട്, തങ്കപ്പൻ ആചാരി, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ആർ. കൃഷ്ണകുമാർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പൊളിറ്റിക്കൽ സയൻസ് അസി. പ്രൊഫ. ഡോ. എൻ. നൗഫൽ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വ്യക്തികളെ ആദരിച്ചു.
ഇന്നലെ രാവിലെ 9.30നും 10.15നും മദ്ധ്യേ ധ്വജപ്രതിഷ്ഠ മഹോത്സവത്തിന് കൊടിയേറി. തുടർന്ന് കലശാഭിഷേകം, ശ്രീഭൂത ബലി, അന്നദാനം എന്നിവ നടന്നു. 31ന് ആറാട്ടോടെ ഉത്സവം സമാപിക്കും.