കൊല്ലം: പരീക്ഷാ ചൂടും കടന്ന് അവധിക്കാലം സമ്മാനിച്ച് ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ സമാപിച്ചു. 4ന് മലയാളം പരീക്ഷയോടെയാണ് തുടങ്ങിയത്. ഇന്നലെയാണ് അവസാനിച്ചത്. അവസാന പരീക്ഷയായ സാമൂഹ്യശാസ്ത്ര പരീക്ഷയും ഹോളിയും ആഘോഷിച്ചാണ് വിദ്യാർത്ഥികൾ സ്കൂളിന്റെ പടിയിറങ്ങിയത്. ജില്ലയിൽ 131 കേന്ദ്രങ്ങളിലായി 30,357 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് കൊല്ലം വിമല ഹൃദയ ഗേൾസ് സ്കൂളിലാണ്, 701 പേർ. കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ 16268, പുനലൂർ 6437, കൊട്ടാരക്കര 7653 എന്നിങ്ങനെയാണ് പരീക്ഷ എഴുതിയവരുടെ കണക്ക്.
ഏപ്രിൽ മൂന്ന് മുതൽ 17വരെ അഞ്ച് ക്യാമ്പുകളിലായിട്ടാണ് എസ്.എസ്.എൽ.സി പരീക്ഷയുടെ മൂല്യ നിർണയം നടക്കുക. ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് അവസാനിക്കും.