rashmi-
ജസ്റ്റിസ് ഫോർ അനീഷ്യ ഐക്യദാർഢ്യ കൂട്ടായ്മ കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ അനീഷ്യയുടെ അമ്മ പ്രസന്ന സംസാരിക്കുന്നു

കൊല്ലം: തൊഴിലിടത്തിലെ പീഡനത്തെത്തുടർന്ന് മരണമടഞ്ഞ എ.പി.പി അനീഷ്യയ്ക്ക് നീതി ലഭിക്കാൻ സമൂഹം ഒപ്പം നിൽക്കണമെന്ന് മാതാവ് പ്രസന്ന പറഞ്ഞു. അനീഷ്യയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ അനീഷ്യ ഐക്യദാർഢ്യ കൂട്ടായ്മ കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഭരണകൂടം കുറ്റവാളികളെ സംരക്ഷിക്കരുതെന്നും നീതിക്കുവേണ്ടിയുള്ള തങ്ങളുടെ പോരാട്ടത്തോടൊപ്പം നിൽക്കണമെന്നും സമ്മേളനത്തിൽ സംസാരിച്ച, അനീഷ്യയുടെ പിതാവ് സത്യദേവൻ അഭ്യർത്ഥിച്ചു. വിവിധ സ്ത്രീ സംഘടനകളെയും മനുഷ്യാവകാശ സംഘടനകളെയും പ്രതിനിധീകരിച്ച് നൂറുകണക്കിന് ആളുകൾ യോഗത്തിൽ പങ്കെടുത്തു. അഡ്വ.രശ്മി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബിന്ദുകൃഷ്ണ, പി.ഇ. ഉഷ, അഡ്വ.നവാസ് മരുത്തടി, അഡ്വ.കിഴക്കനേല സുധാകരൻ, അഡ്വ. എം.എസ് ഗോപകുമാർ, അഡ്വ.വി.കെ. സന്തോഷ് കുമാർ, ഷെഫീഖ് ചൊഴിയക്കോട്, മോഹൻ ഗോപാൽ, രാജി, ഷാൻ, സനീറ സജിത്ത്, ഹലീമാ ബീവി, കൊല്ലം ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥികളായ കൃഷ്ണമ്മാൾ, ട്വിങ്കിൾ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. ഐക്യദാർഢ്യ സമിതി ചെയർമാൻ ക്യാപ്ടൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ സ്വാഗതവും കൺവീനർ ബാബു ലിയോൺസ് നന്ദിയും പറഞ്ഞു.