കരുനാഗപ്പള്ളി: റോഡിലൂടെ നടക്കുമ്പോൾ ഒന്ന് തലയുയർത്തി നോക്കിയാൽ പലതരം കേബിളുകൾ തൂങ്ങിയാടുന്നത് കാണാം. പോസ്റ്റുകളിൽ വട്ടത്തിൽ ചുരുട്ടി തൂക്കിയിട്ടിരിക്കും. അതുപോലെ റോഡ് വശങ്ങളിൽ അലഷ്യമായി തള്ളിയിരിക്കുന്നത് വേറെ. വൈദ്യുതിക്കമ്പികൾ മുതൽ ഡേറ്റാ കേബിളുകൾ വരെ പലതരത്തിലുള്ളവയുണ്ട്. എല്ലാം അപകടത്തിലേക്ക് വാ തുറന്നിരിപ്പാണ്. കരുനാഗപ്പള്ളിയിൽ റോഡരികിൽ തൂങ്ങിക്കിടന്ന കേബിൾ തടിലോറിയിൽ കുടുങ്ങുകയും സ്കൂട്ടർ യാത്രക്കാരി ആ കേബിളിൽ കുരുങ്ങി അപകടത്തിൽ പെടുകയും ചെയ്തതു കഴിഞ്ഞ ദിവസമാണ്. ഇതുപോലെ നൂറുകണക്കിന് കേബിളുകൾ അശ്രദ്ധയോടെ വലിച്ചെറിഞ്ഞിരിക്കുന്ന കാഴ്ച നഗരത്തിലെങ്ങുമുണ്ട്. അപകടമുണ്ടാകുന്നതുവരെ കാത്തുനിൽക്കാതെ അധികൃതർ നഗരത്തിലെ റോഡരികുകളിലെ കേബിൾ കുരുക്കുകൾ അഴിച്ചെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
നോക്കാനും കാണാനും ആളില്ല
വെട്ടത്ത് മുക്കിന് കിഴക്ക് വശവും മഠത്തിൽ കുളത്തിന് സമീപവും അലക്ഷ്യമായി ഇട്ടിരിക്കുന്ന കേബിളുകളുണ്ട്. റോഡിലേക്ക് തള്ളിക്കിടക്കുന്ന കേബിൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ നാട്ടുകാർ ശ്രമിക്കാറില്ല . കേബിളിൽ തൊട്ടാൽ നിയമ നടപടിയുമായി വൈദ്യുതി ഭവനിലെ ഉദ്യോഗസ്ഥർ രംഗത്തെത്തും. അതുകൊണ്ട് തന്നെ പൊല്ലാപ്പ് പിടിക്കാൻ നാട്ടുകാർ ഒരുക്കവുമല്ല.തേക്കും തടിക്കും തെമ്മാടിക്കും എവിടെയും കിടക്കാമെന്നതുപോലെ വൈദ്യുതി വകുപ്പിന്റെ കേബിളുകൾ എവിടെ വേണമെങ്കിലും നിക്ഷേപിക്കാം. ആരും ചോദിക്കാൻ തുനിയില്ല. ലക്ഷക്കണക്കിന് രൂപ വിലവരുന്ന കേബിളുകളാണ് പൊതു സ്ഥലങ്ങളിൽ നോക്കാനും കാണാനും ആളില്ലാതെ കിടക്കുന്നത്. വർഷങ്ങളായി താഴെ കിടക്കുന്ന കേബിളിന്റെ മീതേ മണ്ണ് വീണ് ഭൂമിക്ക് അടിയിൽ പോകുന്നതും വിരളമല്ല.
ട്രാൻഫോമറുകളുടെ നവീകരണവുമായി ബന്ധപ്പെട്ടാണ് കേബിൾ ഉപയോഗിക്കുന്നത്.
ഉപയോഗം കഴിഞ്ഞ ശേഷം ഇതുപോലുള്ള സാമഗ്രികൾ എവിടെയെല്ലാം കിടപ്പമുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യേോഗസ്ഥർക്ക് പോലും അറിയില്ല.
കേബിളിൽ കുരുങ്ങി അപകടം
രാത്രി സമയങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും കാൽനട യാത്രക്കാരും കേബിളിൽ കുരുങ്ങി വീഴാറുണ്ട്. പുതിയ വൈദ്യുതി ലൈൻ വലിച്ച ശേഷം അധികം വരുന്ന കോൺക്രീറ്റ് പോസ്റ്റുകളും റോഡിന്റെ വശങ്ങളിൽ തള്ളുന്നതും പതിവാണ്. പുൽക്കാടുകളാൽ മറക്കപ്പെട്ട പോസ്റ്റുകളും വാഹന യാത്രക്കാർക്ക് വിനയാകാറുണ്ട്. കേബിൾ ടി.വിക്ക് ആവശ്യമായ ലൈനുകളും കോരുത്ത് വെയ്ക്കുന്നത് വൈദ്യുതി പോസ്റ്റുകളിലാണ്. പോസ്റ്റിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന കേബിൾ ലൈനുകളും ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടം വരുത്താറുണ്ട്.