കഴുതുരുട്ടി :ഏകദേശം രണ്ടു വർഷമായി അടച്ചിട്ടിരുന്ന പൊതുശൗചാലയവും വെയിറ്റിംഗ് ഷെഡും ഒടുവിൽ തുറന്നു. കഴുതുരുട്ടി ജംഗ്‌ഷനിൽ ആര്യങ്കാവ് പഞ്ചായത്ത് നിർമ്മിച്ചതായിരുന്നു വെയിറ്റിംഗ് ഷെഡും കംഫർട്ട് സ്‌റ്റേഷനും. മോടി പിടിപ്പിക്കലും പുനരുദ്ധാരണ പ്രവർത്തനങ്ങളും കഴിഞ്ഞപ്പോൾ സർക്കാരിന്റെ പുതിയ ആശയമായ വിശ്രമ കേന്ദ്രമായി രൂപാന്തരപ്പെട്ടു. രണ്ടു വർഷം മുമ്പ് പണികൾ പൂർത്തിയായെങ്കിലും നിസാര കാരണം കൊണ്ട് ഇത്രയും നാൾ തുറന്നില്ല.
തിരഞ്ഞെടുപ്പ് അടുത്തതോടെ നാട്ടിൽ ചർച്ചയാകുമെന്ന് കരുതിയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച ധൃതി പിടിച്ചു തുറന്നത്.
തിരക്കേറിയ ജംഗ്‌ഷനിൽ
ആര്യങ്കാവ് പഞ്ചായത്തിന്റെ ഹൃദയ ഭാഗമായ കഴുതുരുട്ടിയിൽ രണ്ട് ആശുപത്രികൾ, മൃഗാശുപത്രി,പഞ്ചായത്ത് ഓഫീസ്,മാർക്കറ്റ്, തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഓഫീസ് എന്നിവ പ്രവർത്തിക്കുന്നതിനാൽ വളരെ തിരക്കേറിയ ജംഗ്‌ഷനിൽ പൊതുജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ഏക ആശ്രയമായിരുന്നു പൊതുശൗചാലയം. ബസ് കാത്തുനിൽക്കുന്നവർക്ക് മഴയിൽ നിന്നും വെയിലിൽ നിന്നും വലിയ ആശ്വാസമായിരുന്നു വെയിറ്റിംഗ് ഷെഡ്.
എന്നാൽ ശൗചാലയത്തിലെ മലിനജല സംസ്‌കരണം ശാസ്‌ത്രീയമല്ലെന്നും അത് കിണർ വെള്ളത്തെയും സമീപത്തെ ജലാശയത്തെയും ദോഷകരമായി ബാധിക്കുമെന്ന ആക്ഷേപവുമുണ്ട്.