കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെ കൂറ്റൻ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു വാഹനങ്ങൾക്കും ബങ്കുകൾക്കും കേടുപാട് സംഭവിച്ചു. ടാക്സി ഡ്രൈവർമാരായ മണിയുടെയും ജയിംസിന്റെയും കാറുകൾ, ജീവൻ, ബാബു എന്നിവരുടെ ബങ്കുകൾ എന്നിവയ്ക്കും സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾക്കുമാണ് കേടുപാടുണ്ടായത്.
ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. ഒടിഞ്ഞ ശിഖരം താഴെയുള്ള ടാക്‌സി സ്റ്റാൻഡിൽ കിടന്നിരുന്ന കാറുകൾക്കും ബങ്കുകൾക്കും മുകളിലേക്ക് പതിക്കുകയായിരുന്നു. മിൽമ ബൂത്തും ചായക്കടയും ഒരുമിച്ചുള്ള ജീവന്റെ ബങ്ക് പൂർണമായും തകർന്നു. ബാബുവിന്റെ കടയുടെ ഒരു വശത്താണ് കേടുപാട്. അപകടം നടക്കുമ്പോൾ മണി കാറിനുള്ളിലും ജീവൻ കടയ്ക്കുള്ളിലും ഉണ്ടായിരുന്നെങ്കിലും ശിഖരം ഒടിയുന്ന ശബ്ദം കേട്ടയുടനെ പുറത്തേക്ക് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സാധാരണ രാവിലെ വിദ്യാർത്ഥികൾ ഇതുവഴി കടന്നുപോകുന്നതാണ്. ഇന്നലെ ശിഖരം ഒഴിഞ്ഞുവീഴുമ്പോൾ വിദ്യാർത്ഥികളില്ലാതിരുന്നത് ഭാഗ്യമായി. കടപ്പാക്കടയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി ശിഖരങ്ങൾ മുറിച്ചുമാറ്റി. ഗതാഗത സ്തംഭനം കൊല്ലം ഈസ്റ്റ് പൊലീസെത്തി പരിഹരിച്ചു.
പരാതിപ്പെട്ടിട്ടും മുറിച്ചില്ല
രണ്ടര വർഷം മുമ്പും ആൽമരത്തിന്റെ ചില്ല ഒടിഞ്ഞുവീണു
മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കോർപ്പറേഷനും റവന്യു വകുപ്പിനും പരാതി നൽകി
പലതവണ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല
ചില്ലകൾ പലതും ഒടിഞ്ഞുവീഴാറായ നിലയിൽ
വാഹന യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഭീഷണി
ആൽമരത്തിന്റെ പഴക്കം
200 വർഷം (ഏകദേശം)
പണ്ടുകാലത്ത് റോഡ് വക്കുകളിൽ വ്യാപകമായി തണൽ മരങ്ങൾ വച്ചുപിടിപ്പിച്ചിരുന്നു. ഇങ്ങനെ നട്ട മരമാണിത്.
നാട്ടുകാർ