kerala
ട്രഷറി

 ഇന്ന് വരെയുള്ള ബില്ലുകൾ മാറാൻ നിർദ്ദേശം

കൊല്ലം: ജില്ലയിലെ വിവിധ ട്രഷറികളിൽ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ 125.30 കോടിയുടെ ബില്ലുകൾ. ഇതിൽ ബഹുഭൂരിപക്ഷവും നിർമ്മാണ പ്രവൃത്തികളുടേതാണ്. പൊതുമരാമത്ത് അടക്കമുള്ള വിവിധ സർക്കാർ വകുപ്പുകളുടെ ബില്ലുകളും വലിയ അളവിൽ കെട്ടിക്കിടക്കുന്നുണ്ട്.

തദ്ദേശ സ്ഥാപനങ്ങൾ 19 വരെ സമർപ്പിച്ച ബില്ലുകൾ തിങ്കളാഴ്ച വരെ മാറിനൽകാനായിരുന്നു നേരത്തെയുള്ള നിർദ്ദേശം. പക്ഷെ സോഫ്ട്‌വെയർ തകരാർ കാരണം കാര്യമായി ബില്ലുകൾ മാറിയില്ല. പ്രതിഷേധം ശക്തമായതോടെ ഇന്നലെ വരെ സമർപ്പിച്ച ബില്ലുകൾ മാറി നൽകാനുള്ള നിർദ്ദേശം ലഭിച്ചു. പക്ഷെ വൻതുകയുടെ ബില്ലുകൾ മാറാത്തത് കരാറുകാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പലരും കടം വാങ്ങിയാണ് പ്രവൃത്തികൾ പൂർത്തീകരിച്ചത്. ഇങ്ങനെ മാസങ്ങൾക്ക് മുമ്പേ സമർപ്പിച്ച ബില്ലുകളും മാറിക്കിട്ടാനുണ്ട്. അഞ്ച് ലക്ഷം രൂപയുടെ വരെ ബില്ലുകൾ മാറിനൽകാനാണ് സർക്കാർ നിർദ്ദേശം,​ എന്നാൽ ഒന്നും രണ്ടും ലക്ഷം രൂപ വരെയുള്ള ബില്ലുകൾ പോലും മാറിക്കിട്ടുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.

ഇന്നും നാളെയുമായി തദ്ദേശ സ്ഥാപനങ്ങളുടെ കൂടുതൽ ബില്ലുകൾ ട്രഷറിയിലെത്തും. ഇതിലെ അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ള ബില്ലുകളും ക്യൂവിലേക്ക് പോകുന്നതിനാൽ മാറികിട്ടാൻ ഒരുമാസത്തിലേറെ കാത്തിരിക്കേണ്ടി വരും. വലിയ ബില്ലുകൾ എന്ന് മാറിക്കിട്ടുമെന്ന കാര്യത്തിൽ വ്യക്തതയുമില്ല.

കൂടുതൽ മാറാനുള്ളത്

കൊല്ലം കോർപ്പറേഷൻ- 14.64 കോടി
ജില്ലാ പഞ്ചായത്ത്- 8.76 കോടി

ചെലവഴിക്കാതെ 162 കോടി

ഈ സാമ്പത്തിക വർഷം രണ്ട് പ്രവൃത്തിദിനങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ 162.68 കോടി ഇനിയും ചെലവഴിക്കാതെ ബാക്കിയാണ്. ജില്ലയുടെ ആകെ പദ്ധതി തുകയായ 609.9 കോടിയിൽ ട്രഷറിയിൽ കെട്ടിക്കിടക്കുന്ന 125.30 കോടി സഹിതം 447.22 കോടി മാത്രമാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഇന്നലെ വരെയുള്ള പദ്ധതി ചെലവ്.