
കൊല്ലം: ജപ്‌തി ഭീഷണിയിലായിരുന്ന കശുഅണ്ടി വ്യവസായി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മഠത്തിൽ കാഷ്യു ഗ്രൂപ്പ് ഉടമ ചെപ്ര ട്വിൻഗിൾ വില്ലയിൽ സി.ജി.അച്ചൻകുഞ്ഞാണ് ( 68) മരിച്ചത്. തിങ്കളാഴ്‌ച ആശ്രാമത്ത് ഐ.എം.എ ഹാളിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 2ന് പഴിഞ്ഞം സെന്റ് പോൾസ് മാർത്തോമ ഇടവക സെമിത്തേരിയിൽ. ഭാര്യ: സൂസൻ അച്ചൻകുഞ്ഞ്. മക്കൾ: സന്ദീപ്, നിഖിൽ.
വ്യവസായം പ്രതിസന്ധിയിലായതിനെ തുടർന്ന് 2023ൽ ബാങ്ക് ഇദ്ദേഹത്തിന്റെ യൂണിറ്റ് നിഷ്‌ക്രിയ ആസ്‌തിയായി പ്രഖ്യാപിച്ചിരുന്നു. ഈടായി നൽകിയ വീടും വസ്‌തുവും മറ്റൊരു ഭൂമിയും മൂന്നുതവണ ഇ - ലേലത്തിന് വച്ചെങ്കിലും ലേലം കൊള്ളാൻ ആളില്ലാത്തതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. കാഷ്യു പ്രൊട്ടക്ഷൻ കൗൺസിലിന്റെ സജീവ പ്രവർത്തകനായിരുന്നു