ജില്ലയിൽ പുറത്തായത് 5,590 കാർഡ് ഉടമകൾ
കൊല്ലം: തുടർച്ചയായി മൂന്നു മാസം റേഷൻ വാങ്ങാതിരുന്ന, ജില്ലയിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 5,590 കാർഡ് ഉടമകൾ പുറത്ത്. ഇക്കാര്യം സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അനർഹരെ മുൻഗണന ലിസ്റ്റിൽ നിന്ന് പുറത്താക്കണമെന്ന സർക്കാർ നിർദ്ദേശത്തിന്റെയും നിരവധി പരാതികളുടെയും അടിസ്ഥാനത്തിലാണ് ഇവരെ ഒഴിവാക്കിയത്.
പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിൽ നിന്ന് 5101ഉം എ.എ.വൈ (മഞ്ഞക്കാർഡ്) വിഭാഗത്തിൽ നിന്ന് 480ഉം നീലക്കാർഡ് വിഭാഗത്തിൽ നിന്ന് 9ഉം കാർഡുടമകളാണ് പുറത്തായത്. മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം റേഷനിംഗ് ഇൻസ്പെക്ടർമാർ പരിശോധന നടത്തി അധികൃതർക്ക് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുറത്തായവർക്ക് പകരം അർഹരെ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ കൊല്ലത്ത്, കുറവ് പുനലൂരിൽ
അനർഹമായി മുൻഗണനാലിസ്റ്റിൽ ഉൾപ്പെട്ടവരിൽ കൂടുതലും കൊല്ലം താലൂക്കിൽ നിന്നുള്ളവരാണ്. 2745 പി.എച്ച് എച്ച്, 216 എ.എ.വൈ, 3 എൻ.പി.എസ് കാർഡുകൾ കൊല്ലം താലൂക്കിൽ റദ്ദാക്കി. ഏറ്റവും കുറഞ്ഞ അനർഹരുള്ള പുനലൂർ താലൂക്കിൽ 187 പി.എച്ച്.എച്ച്, 51 എ.എ.വൈ (മഞ്ഞ) കാർഡുകാർ പുറത്തായി.
മുൻഗണനയ്ക്ക് അർഹതയില്ലാത്തവർ
ഡോക്ടർമാർ, സ്വന്തമായി കാറുള്ളവർ
25,000രൂപയ്ക്ക് മുകളിൽ മാസവരുമാനമുള്ളവർ
വിദേശത്ത് ജോലിചെയ്യുന്നവർ
ഒന്നിലധികം വീടുള്ളവർ
1000ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ
അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെക്കുറിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട് . പരാതികളിൻമേൽ നടപടി ഉണ്ടാവും
ജില്ലാ സപ്ലൈ ഓഫീസ് അധികൃതർ