പരവൂർ: നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ മാനേജ്മെന്റ് കമ്മി​റ്റി (എച്ച്‍ .എം.സി) ഫണ്ട് കുറഞ്ഞതോടെ പ്രവർത്തനം പ്രതിസന്ധിയിൽ ഒ.പി, കി​ടത്തി ചികിത്സ, ലാബ്, വാഹനപാർക്കിംഗ്, എക്സ്റേ എന്നിവയിൽ നിന്നുള്ള വരുമാനമാണ് കുറഞ്ഞത്.

സർജറി, ഓർത്തോ തുടങ്ങിയ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ഡോക്ടർമാർ ഇല്ലാത്തതും കിടത്തി ചികിത്സ കുറഞ്ഞതുമാണ് വരുമാനം പാതി​യാവാൻ കാരണം. ഗൈനക്കോളജി വിഭാഗത്തിൽ ഇപ്പോൾ ഒരു ഡോക്ടർ മാത്രമാണുള്ളത്. എച്ച്.എം.സി ഫണ്ട് ഇല്ലാത്തതിനാൽ താത്കാലിക ജീവനക്കാർക്ക് ഏറെക്കാലമായി പകുതി ശമ്പളമാണ് നൽകുന്നത്. എച്ച്.എം.സി വരുമാനത്തിന്റെ 60 ശതമാനം മാത്രമേ ജീവനക്കാരുടെ ശമ്പളത്തിന് വിനിയോഗിക്കാൻ പാടുള്ളൂ. താത്കാലിക ജീവനക്കാർ ജോലി വിടുമ്പോൾ പകരം ആളെ നിയമിക്കാനും സാമ്പത്തിക ഞെരുക്കം തടസമാകുന്നുണ്ട് .മുൻ കാലങ്ങളിൽ ആശുപത്രിയുടെ മറ്റു ഫണ്ടുകൾ വക മാറ്റുകയും പിന്നീട് സർക്കാർ പണം
അനുവദിക്കുമ്പോൾ ഇത് തിരിച്ചടയ്ക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ അതിനും കഴിയുന്നില്ല.

ലാബിലും എക്‌സ്റേ യൂണിറ്റിലും പരിശോധന കുറവാണ്. ഡോക്‌ടർമാരുടെ തസ്തിക സൃഷ്ടിക്കാനോ ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനോ ഉള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ല. അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ തട്ടിയും മുട്ടിയുമാണ് മുന്നോട്ട് പോകുന്നത് മാസങ്ങൾക്ക് മുൻപ് മന്ത്രി സന്ദർശനം നടത്തിയെങ്കിലും പിന്നീട് നടപടി ഒന്നും ഉണ്ടായില്ല.

ആരോഗ്യ കിരണം നിലച്ചു


18 വയസി​ന് താഴെയുള്ളവർക്കുള്ള ആരോഗ്യ കിരണം പദ്ധതി ആശുപത്രി​യി​ൽ നിലച്ചു. കുട്ടികൾക്ക് പരിശോധനയുടെയും മറ്റും ചെലവ് അശുപത്രി വഹിക്കുന്നതാണ്‌ പദ്ധതി. പണം പിന്നീട്‌ സർക്കാർ അനുവദിക്കും. എന്നാൽ 2022 ന് ശേഷം പണം നൽകിയിട്ടില്ല .20 ലക്ഷം രൂപയാണ് കുടിശ്ശിക ഉള്ളത് .ഇതോടെ കുട്ടികൾക്കും ഫീസ് വാങ്ങിയാണ് പരിശോധന. പലപ്പോഴും ആശുപത്രിയിൽ ഇത് പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്‌ .