mundaykal-
മുണ്ടയ്ക്കൽ പുവർഹോമിനുള്ള ലുലു ഗ്രൂപ്പിന്റെ 25 ലക്ഷം രൂപ എം.എ. യൂസഫലിക്കു വേണ്ടി ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ പുവർ ഹോം സെക്രട്ടറി ഡോ.ഡി.ശ്രീകുമാറിന് കൈമാറുന്നു. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉൾപ്പെടെയുള്ളവർ സമീപം

കൊല്ലം: കൊല്ലം മുണ്ടയ്ക്കൽ പുവർഹോമിന് തുടർച്ചയായ എട്ടാം വർഷവും എം.എ. യൂസഫലിയുടെ കാരുണ്യസ്പർശം. പുവർ ഹോമിലെ അമ്മമാർക്കും മറ്റ് അന്തേവാസികൾക്കും റംസാൻ സമ്മാനമായി 25 ലക്ഷം രൂപ യൂസഫലി കൈമാറി.
സ്ത്രീകളും പുരുഷന്മാരുമടക്കം ആകെ 105 അന്തേവാസികളാണുള്ളത്. ഭക്ഷണം, അടിസ്ഥാന സൗകര്യ വികസനം, പുതിയ കിടക്കകൾ, കക്കൂസുകൾ, ചികിത്സാ സൗകര്യങ്ങൾ, മാനസികോല്ലാസത്തിനുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കാനാണ് യൂസഫലി സഹായമെത്തിച്ചത്. ഇതുവരെ 2 കോടി രൂപ പുവർഹോമിന് കൈമാറിയിട്ടുണ്ട്. യൂസഫലിക്കു വേണ്ടി ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ പുവർ ഹോം സെക്രട്ടറി ഡോ.ഡി. ശ്രീകുമാറിന് 25 ലക്ഷം രൂപയുടെ ഡി.ഡി കൈമാറി. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ലുലു ഗ്രൂപ്പ് പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ, തിരുവനന്തപുരം ലുലു മാൾ മീഡിയ കോ ഓർഡിനേറ്റർ മിഥുൻ സുരേന്ദ്രൻ, പുവർഹോം മാനേജിംഗ് കമ്മിറ്റി അംഗവും കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജയൻ, ഡിവിഷൻ കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സജീവ് സോമൻ, പുവർ ഹോം സൂപ്രണ്ട് കെ. വത്സലൻ എന്നിവർ പങ്കെടുത്തു. മുണ്ടയ്ക്കൽ പുവർ ഹോമിന്റെ ശോചനീയാവസ്ഥ മാദ്ധ്യമങ്ങൾ വഴി അറിഞ്ഞതിനു പിന്നാലെ 2017ൽ ആണ് എം.എ. യൂസഫലി 25 ലക്ഷം രൂപയുടെ ആദ്യ സഹായം നൽകുന്നത്. കൊവിഡ് കാലത്തടക്കം ഇത് പുവർഹോമിന് വലിയ ആശ്വാസമാവുകയും ചെയ്തു.