കൊല്ലം: കുണ്ടറയിൽ ഭാര്യയെയും രണ്ടു മക്കളെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ കേസിന്റെ ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് 30ലേക്ക് മാറ്റി. കേസിലെ അന്തിമ വാദം ഇന്നലെ പൂർത്തിയായി.
കൊല്ലം നാലാം അഡീഷണൽ സെഷൻസ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. തിങ്കളാഴ്ച വിധി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കേസിൽ കൂടുതൽ വാദം കേൾക്കാനായാണ് ഇന്നലത്തേക്ക് മാറ്റിയത്.
പ്രതിയായ മൺറോത്തുരുത്ത് പെരുങ്ങോലം എറോപ്പിൽ വീട്ടിൽ അജി എന്ന എഡ്വേഡ് (42) കുറ്റക്കാരാനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളുടെ ഭാര്യ വർഷ (26), മക്കളായ അലൻ (രണ്ട്), ആരവ് (മൂന്ന് മാസം) എന്നിവരെ വിഷം കുത്തി വച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. എഡ്വേഡിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ വാദം കേട്ടതിന് ശേഷം കേസ് 30ലേക്ക് മാറ്റുകയായിരുന്നു. 2021 മേയ് 11നായിരുന്നു സംഭവം.
നിയമപരമായ ഒരുപാട് കാര്യങ്ങൾ കേസിൽ പരിശോധിക്കേണ്ടതുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ സംഭവമായതിനാൽ വധശിക്ഷ തന്നെ നൽകണമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷറഫുന്നിസാബീഗം ആവശ്യപ്പെട്ടു. പ്രതിയുടെ മാനസിക നിലയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഭാര്യയുടെ മേലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്. വിധി കേൾക്കാൻ കൊല്ലപ്പെട്ട വർഷയുടെ അമ്മ ശോഭയും അച്ഛൻ ബാബു ആന്റണി, എട്ട് വയസുകാരിയായ മൂത്തമകളും എഡ്വേഡിന്റെ ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു.