
കൊല്ലം: ക്യാമ്പസുകൾക്ക് ആവേശം പകർന്ന് കൊല്ലം ലോക് സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ. ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ കലാലയങ്ങളിൽ വിദ്യാർത്ഥികളുമായി സംവാദം നടത്താൻ എത്തിയതായിരുന്നു അദ്ദേഹം. ക്യാമ്പസിൽ എത്തിയ സ്ഥാനാർത്ഥിയെ അതിരറ്റ സന്തോഷത്തോടുകൂടി കക്ഷി രാഷ്ട്രീയ ഭേദമന്യേയാണ് വിദ്യാർത്ഥികൾ വരവേറ്റത്. ഒരുവിധ ആമുഖങ്ങളും ആവശ്യമില്ലാതെ തന്നെ സ്ഥാനാർത്ഥി കുട്ടികളുടെ ഇടയിലേക്കും മനസുകളിലേക്കും ഇറങ്ങിച്ചെല്ലുന്ന അനുഭവമാണ് ഉണ്ടായത്.
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥികളുമായിട്ടായിരുന്നു ആദ്യ സംവാദം. തുടർന്ന് വലിയ കൂമ്പായിക്കുളത്തമ്മ കോളേജ്, സി.എച്ച്.എം.എം കോളേജ്, യു.കെ.എഫ് കോളേജ്, യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, പരവൂർ ഐ.ടി.ഐ, പരവൂർ എസ്.എൻ കോളേജ്, കൊട്ടിയം എൻ.എസ്.എസ് കോളേജ്, കൊല്ലം മനയിൽ കുളങ്ങര വനിതാ ഐ.ടി.ഐ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുമായി പ്രേമചന്ദ്രൻ സംവദിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമല്ല സംവാദവിഷയമായി ഇടംപിടിച്ചത്. രാജ്യത്ത് നിലനിൽക്കുന്ന അതിസങ്കീർണമായ വെല്ലുവിളികളും കുട്ടികളുമായി നടത്തിയ സംവാദത്തിൽ പ്രതിഫലിച്ചു. പാർലമെന്റിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ പാർലമെന്ററി അനുഭവങ്ങളെക്കുറിച്ചും കുട്ടികൾ സംവാദത്തിൽ ചോദിച്ചു.