എഴുകോൺ : പൂർണമായും ഓല മേഞ്ഞ കരീപ്രയിലെ ഇടതുമുന്നണിയുടെ നോർത്ത് മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ശ്രദ്ധേയമാകുന്നു. ഷാമിയാനയും ഷീറ്റും മേഞ്ഞ റെഡിമെയ്ഡ് പന്തലുകൾ കളം പിടിച്ച കാലത്ത് ഓലപ്പെരുമ ഉണർത്തുന്ന പഴമയുടെ ഗരിമയാണ് കാഴ്ചക്കാർക്ക് കൗതുകമാകുന്നത്. ഉയർന്ന ചൂടിന് ആശ്വാസമേകാൻ ഓല ഷെഡിന് കഴിയുമെന്ന സവിശേഷതയും ഉണ്ട്. 30 അടി നീളമുള്ള ഷെഡിന് 20 കെട്ട് ഓലയാണ് വേണ്ടി വന്നത്. ഓല മെടച്ചിൽ അന്യം നിന്നു പോയ ഇക്കാലത്ത് ഓല സംഘടിപ്പിക്കുക എന്നതായിരുന്നു പ്രധാന കടമ്പയെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി ആർ. മുരളീധരൻ പറഞ്ഞു. മെടയാൻ പാകത്തിൽ രോഗം ബാധിക്കാത്ത വിളഞ്ഞ ഓല കണ്ടെത്തി ദിവസങ്ങളോളം ഒഴുക്ക് വെള്ളത്തിലിട്ട് കുതിർത്തെടുത്താണ് ഓല മെടയുന്നത്. മെടയാൻ കരുവിരുതും വേണം. മെടഞ്ഞ ഓല മേൽക്കൂരയിൽ മേയാനും വൈദഗ്ധ്യമുള്ള തൊഴിലാളികൾ വേണം.പൂയപ്പള്ളി മൈലോട്ടെ മെടച്ചിൽ കേന്ദ്രത്തിൽ നിന്നാണ് മെടഞ്ഞ ഓല എത്തിച്ചത്. കാറ്റാടിക്കഴയും മുളയും ഉപയോഗിച്ചാണ് പന്തൽ ആരൂഡിച്ചത്. വേനൽ കടുത്ത കാലത്ത് കോൺക്രീറ്റ് കെട്ടിടങ്ങളിലും മറ്റും രാത്രി കാലത്ത് പോലും കിട്ടാത്ത തണുപ്പ് കമ്മിറ്റികളും മറ്റും കൂടാനെത്തുന്നവർക്ക് ആശ്വാസകരമാണ്. എന്നാലും ആധുനിക കാലത്ത് ഓല ഷെഡ് ലക്ഷൂറിയസ് ആണെന്നാണ് ഇടത് നേതാക്കൾ പറയുന്നത്.