തൊടിയൂർ: അഞ്ചു വർഷം മുമ്പ് നിർമ്മിച്ച ഹൈടെക് റോഡ് അന്ന് മുതൽ ഇന്നുവരെ അപകട പരമ്പര സൃഷ്ടിച്ച് നാട്ടുകാർക്ക് പേടി സ്വപ്നമായി മാറിയിരിക്കുന്നു. നിർമ്മാണ ഘട്ടത്തിൽ ഉത്തരവാദിത്വപ്പെട്ടവർ കാട്ടിയ അനാസ്ഥയാണ് അപകടങ്ങൾക്ക് വഴിയൊരുക്കിയത്. ടാറിംഗ് നടത്തിയ ഭാഗത്തിന് പുറത്ത് സൈഡ് ഫില്ലിംഗ് പൂർണമായി നടത്തിയില്ല. ഒന്നേകാൽ കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ കുറച്ചു ഭാഗങ്ങൾ മാത്രം സൈഡ് ഫില്ലിംഗ് നടത്തിയ ശേഷം ബന്ധപ്പെട്ടവർ പണി നിറുത്തി പോകുകയായിരുന്നു. നികത്തപ്പെടാതെ കിടന്ന വശങ്ങളിൽ ഒട്ടേറെ കുഴികൾ രൂപപ്പെട്ടു. കല്ലേലിഭാഗം ആർ.എസ്.എം.ഐ.ടി.ഐയ്ക്ക് മുൻവശം റോഡിന്റെ വടക്ക് വശത്തായി മരണക്കെണികളാണ് രൂപപ്പെട്ടിരിക്കുന്നത്.
റോഡിന്റെ വശങ്ങൾ നികത്തണം
സ്ഥിര യാത്രക്കാർ ഇവിടം തിരിച്ചറിയുമെങ്കിലും അപരിചതർ അപകടത്തിൽപ്പെടാൻ സാദ്ധ്യതയേറെയാണ്. അരിക് നികത്തപ്പെടാതെ കിടക്കുന്ന ഭാഗത്തുള്ള റോഡിന്റെ ടാറിംഗ് ഇടിഞ്ഞു പോയിരിക്കുന്നു. റോഡിന്റെ വശങ്ങൾ നികത്തി അപകടങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള കൗമുദി പല പ്രാവശ്യം വാർത്ത നൽകിയിരുന്നു.ഒരിക്കൽ രണ്ട് ലോഡ് പൂഴിമണ്ണ് ഇറക്കി റോഡിന്റെ വശത്തെ കുഴിയിൽ ഇട്ടാണ് അധികൃതർ പരിഹാരം കണ്ടത്. ഇതിന് സമീപത്തായി വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോയിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മ മരണപ്പെട്ടുകയുണ്ടായി. ഒട്ടേറെപ്പേർക്ക് അപകടങ്ങളിൽ പരിക്കേറ്റു.
അപകടത്തിന് കാത്തിരിക്കല്ലേ
ഇപ്പോൾ കോട്ടവീട്ടിൽ ജംഗ്ഷന് തെക്ക് വശം തൈക്കാവിന് സമീപത്ത് വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പൈപ്പ് തകർന്ന് റോഡിന്റെ വശത്ത് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നു. ഇതിൽ നാട്ടുകാർ പാറ എടുത്തിട്ടുണ്ട്. കുഴിക്ക് സമീപത്തായി ഇലക്ട്രിക് പോസ്റ്റ് നിൽപ്പുണ്ട്. പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡ് ആരംഭിക്കുന്ന ഇടം കൂടിയാണിത്. അപകടത്തിന് കാത്തിരിക്കാതെ റോഡിലെ അപകടക്കെണികൾ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.പൊതുമരാമത്ത് വകുപ്പ് കരുനാഗപ്പള്ളി സെക്ഷൻ പരിധിയിൽപ്പെട്ടതാണ് ഈ റോഡ് .