കൊല്ലം: വമ്പൻ റോഡ് ഷോയുമായി എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം. കൊട്ടിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി നൂറ് കണക്കിന് പ്രവർത്തകരാണ് അണിനിരന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിന്റെ പോരായ്മ പരിഹരിക്കാൻ എൻ.ഡി.എ നേതൃത്വം പരമാവധി പ്രവർത്തകരെ റോഡ് ഷോയിൽ അണിനിരത്തുകയായിരുന്നു. അകമ്പടി വാഹനങ്ങളുടെ നടുവിൽ തുറന്ന വാഹനത്തിൽ സഞ്ചരിച്ച സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ റോഡ് വക്കിലും വാഹനങ്ങളിലും ഉണ്ടായിരുന്ന ജനങ്ങളെ നിറപുഞ്ചിരിയോടെ കൈവീശി അഭിവാദ്യം ചെയ്തു. മോദി മോദി എന്ന ആർപ്പുവിളികളോടെയെത്തിയ റോഡ് ഷോ കാണാൻ നൂറ് കണക്കിന് പേർ റോഡ് വക്കുകളിലേക്ക് എത്തി.
റോഡ് ഷോ ദേശീയപാതയിലൂടെ മേവറത്തെത്തി പള്ളിമുക്ക് ചിന്നക്കട വഴി ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ സമാപിച്ചു. അന്ദവല്ലീശ്വരം ക്ഷേത്ര ദർശനത്തിന് എത്തിയ ഭക്തരോട് കൃഷ്ണകുമാർ ആദ്യം വോട്ട് അഭ്യർത്ഥന നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ബി.ഡി.ജെ.എസ് ജില്ലാ ട്രഷറർ രഞ്ജിത്ത് രവീന്ദ്രൻ എന്നിവരും സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിൽ അനുഗമിച്ചു. ഇന്ന് കുണ്ടറ നിയമസഭാ മണ്ഡലത്തിലാണ് കൃഷ്ണകുമാറിന്റെ പ്രചാരണം.