
എഴുകോൺ: പട്ടാപ്പകൽ വീടിന്റെ സിറ്റൗട്ടിൽ വൃദ്ധയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കരീപ്ര തളവൂർക്കോണം മൃഗാശുപത്രിക്ക് സമീപം മേലൂട്ട് പുത്തൻ വീട്ടിൽ തങ്കപ്പൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മയാണ് (86) മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 8.45 നായിരുന്നു സംഭവം. ഇളയ മകൻ മണികണ്ഠൻ പിള്ളയുടെ കുടുംബത്തിനൊപ്പമാണ് പങ്കജാക്ഷിഅമ്മയും ഭർത്താവും താമസിക്കുന്നത്. പ്രായാധിക്യത്തിന്റെ അവശതകൾ ഉള്ളവരാണ് ഇരുവരും. സിറ്റൗട്ടിലെ കസേരയിലിരുന്ന് താഴേക്ക് വീണ നിലയിലാണ് പങ്കജാക്ഷിഅമ്മയുടെ ശരീരം കിടന്നിരുന്നത്. കസേരയും കരിഞ്ഞ നിലയിലായിരുന്നു. എഴുകോൺ പൊലീസെത്തി ഇൻക്വസ്റ്റ് തയ്യറാക്കി. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 10ന് സംസ്കരിക്കും.
സംശയം ഉയർന്നതിനെ തുടർന്ന് എഴുകോൺ എസ്.എച്ച്.ഒ പി.വിജയകുമാർ, എസ്.ഐ ഇൻസമാം എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
മക്കൾ: ജാനകിക്കുട്ടിഅമ്മ, പരേതയായ ഗൗരിക്കുട്ടിഅമ്മ, മണികണ്ഠൻപിള്ള (കർണാടക ബാങ്ക്), മണിധരൻ പിള്ള (മുംബയ്). മരുമക്കൾ: പരേതനായ രാജൻപിള്ള, ശിവശങ്കരപിള്ള, കനകാംഗി, ശ്രീജ.