
തിരിഞ്ഞു നോക്കാതെ പഞ്ചായത്ത് അധികൃതർ
അഞ്ചാലുംമൂട്: കോടികൾ ചെലവഴിച്ച് നവീകരിച്ച തൃക്കരുവ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം കാട് കയറി നശിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. സ്റ്റേഡിയത്തിനകത്തും പുറത്തും ഒരാൾ പൊക്കത്തിൽ കാട് വളർന്നു നിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഗേറ്റുകളും ഇളകിയനിലയിലാണ്. മൂന്ന് വർഷം മുമ്പ് എം.മുകേഷ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 1.40 കോടി രൂപ അനുവദിച്ച് നവീകരണം നടത്തി സ്റ്റേഡിയത്തിൽ ഓപ്പൺ എയർ ഓഡിറ്റോറിയം, ഡ്രസിംഗ് റൂം, ഗാലറി, കമ്പി ഉപയോഗിച്ചുള്ള ചുറ്റുവേലി, ഹൈമാസ്റ്റ് ലൈറ്റുകൾ തുടങ്ങിയവ സ്ഥാപിച്ചിരുന്നു. എന്നാൽ വേണ്ടരീതിയിൽ പരിപാലിക്കാതായതോടെ ഇവയെല്ലാം ഇപ്പോൾ നശിച്ച നിലയിലാണ്.
സ്റ്റേഡിയത്തിൽ രാവിലെ വ്യായാമത്തിനെത്തുന്നവർ വളർന്നു നിൽക്കുന്ന കാടിനുള്ളിൽ കൂടി നടക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ വർഷം കേരളോത്സവത്തിന്റെ കായിക മത്സരങ്ങൾ സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും മഴയിൽ സ്റ്റേഡിയം മുഴുവൻ ചെളിക്കുളമായതിനാൽ മത്സരങ്ങൾ നടത്തിയില്ല.
സാമൂഹ്യവിരുദ്ധ ശല്യവും
സാമൂഹ്യവിരുദ്ധർ സ്റ്റേഡിയം താവളമാക്കിയതോടെ സന്ധ്യമയങ്ങിയാൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് ഇത് വഴി കടന്ന് പോകാനാകാത്ത സ്ഥിതിയാണെന്നും ലഹരിസംഘങ്ങളും ഇവിടെ തമ്പടിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. എത്രയുവേഗം സ്റ്റേഡിയത്തിലെ തകർന്ന ഗേറ്റും കാട്മൂടിക്കിടക്കുന്ന ഭാഗവും വെട്ടി വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ സ്റ്റേഡിയം കാട് കയറി നശിക്കുകയാണെന്ന ആക്ഷേപങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുണമാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
സ്റ്റേഡിയത്തിൽ എം.മുകേഷ് എം.എൽ.എയുടെ വികസന ഫണ്ട് ഉപയോഗിച്ച് മൾട്ടി കോർട്ട് , ഓപ്പൺ ജിം, ചിൽഡ്രൻസ് പാർക്ക് എന്നിവ നിർമ്മിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഒരു കോടി രൂപ അനുവദിക്കുയും ടെണ്ടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ ഇവയുടെ പണി ആരംഭിക്കും.
അജ്മീൻ എം. കരുവ
തൃക്കരുവ പഞ്ചായത്ത് വികസന
കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ