കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ തീപിടിത്തം ഉണ്ടായത് രോഗികളെയും മറ്റുള്ളവരെയും പരിഭ്രാന്തരാക്കി. അത്യാഹിത വിഭാഗം
ട്രോമാ കെയർ കെട്ടിടത്തിനു പിന്നിലായാണ് തീ പടർന്നത്. ഓക്‌സിജൻ പ്ലാന്റിന് അടുത്തതായി കരിയിലകളിലും ചപ്പുചവറുകളിലും പടർന്ന തീ ഇലക്ട്രിക് കേബിളുകളിലേക്കും പടർന്നു. കൊട്ടാരക്കര നിന്ന് രണ്ടു യൂണിറ്റ് ഫയർ ഫോഴ്സ് ടീമുകൾ എത്തി സമയോചിതമായി തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ഉച്ചയ്ക്ക് പതിനൊന്നരയോടെ ആയിരുന്നു സംഭവം. വലിയ തോതിൽ പുക ഉയർന്നതോടെയാണ് തീ പടരുന്ന വിവരം ജീവനക്കാർ അറിയുന്നത്. മാദ്ധ്യമ പ്രവർത്തകരെ ആശുപത്രി അധികൃതർ സ്ഥലത്തേക്കു പ്രവേശിപ്പിക്കാത്തത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.
ആശുപത്രിയിൽ നടക്കുന്ന അഴിമതി, ചികിത്സ നിഷേധങ്ങൾ എന്നീ സംഭവങ്ങൾ പുറത്തറിയരുതെന്നും മാദ്ധ്യമ പ്രവർത്തകരെ ഉള്ളിൽ പ്രവേശിപ്പിക്കരുതെന്നും കർശന നിർദ്ദേശമാണ് അധികൃതർ സെക്യൂരിറ്റി ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. നൂറ് കണക്കിന് കിടപ്പു രോഗികൾ ചികിത്സയിലിരിക്കുന്ന ആശുപത്രിയിയിൽ അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ പര്യാപ്തമല്ലെന്നും ആരോപണമുണ്ട്.