ഓച്ചിറ: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ കൊറ്റമ്പള്ളി കൊയ്പ്പള്ളി മുക്കിൽ നിന്ന് ആരംഭിച്ച് ഓച്ചിറ മഹാലക്ഷ്മിക്ഷേത്രത്തിന്റെ വടക്ക് വശത്തുകൂടി പടിഞ്ഞാറോട്ട് ഒഴുകി കായലിൽ പതിക്കുന്ന കച്ചേരിത്തോട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓച്ചിറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ച് നടത്തി. 'ഇനി ഞാൻ ഒഴുകട്ടെ, കച്ചേരിത്തോട് സംരക്ഷമ സമരം' എന്ന പേരിൽ നടന്ന സമരത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി. തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് ദേശീയപാതാ അതോറിട്ടി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഓച്ചിറ ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിൽ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്ന് നിവേദനത്തിൽ പറയുന്നു. സമിതി ചെയർമാൻ അയ്യാണിക്കൽ മജീദ്, കൺവീനർ കെ.ബി. ഹരിലാൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ലത്തീഫാബീവി, ഗീതാകുമാരി, സമിതി പ്രവർത്തകരായ മെഹർഖാൻ ചേന്നല്ലൂർ, കെ. മോഹൻ, രാജുമോൻ, ഓച്ചിറ താഹ, വാഹിദ്, ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.