 
തെന്മല : മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്ക് കൈയ്‌ക്ക് നിസാര പരിക്കേറ്റു. ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെ തെന്മല കന്നുകാലി ചെക്ക് പോസ്‌റ്റിന് സമീപത്തായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി ലോഡുമായി കേരളത്തിൽ വന്ന ശേഷം മടങ്ങുകയായിരുന്ന മിനി ലോറി കെ.എസ്.ആർ.ടി.സി ബസിനെ മറി കടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ടിപ്പർ ലോറി റോഡരികിലേക്ക് ഒതുക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് റോഡിലേക്ക് കയറി രണ്ട് വാഹനങ്ങളുമായി ഇടിച്ചു കൂട്ടക്കുഴപ്പം ഉണ്ടാകുകയായിരുന്നു. സംഭവത്തെ തുടർന്നു അര മണിക്കൂറോളം റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹൈവേ പൊലീസെത്തി ബസുകൾ വനം ഡിപ്പോ വഴി തിരിച്ചു വിട്ടു.