dd

കൊല്ലം: ദേശീയപാത വി​കസനത്തി​ന്റെ ഭാഗമായി തഴുത്തല വൈദ്യശാല ജംഗ്ഷനിൽ കുഴിച്ച കുഴിയുടെ സമീപം വച്ചിരുന്ന ബോർഡിൽ ബുള്ളറ്റ് തട്ടി റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരന് കാർ കയറി ദാരുണാന്ത്യം. തഴുത്തല സുനിൽ ഭവനിൽ സുനിൽ ക്ലീറ്റസ് (39) ആണ് മരിച്ചത്.

ചൊവാഴ്ച രാത്രി 11ന് വൈദ്യശാല ജംഗ്ഷന് സമീപമായിരുന്നു അപകടം. ഈ ഭാഗത്ത് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓടയ്ക്കു വേണ്ടി​ കുഴി എടുത്തിരുന്നു. കുഴിയിലെ മണ്ണ് റോഡരി​കി​ലേക്ക് മാറ്റി​. ഇവിടെ ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും രാത്രിയിൽ തിരിച്ചറിയാനുള്ള വെളിച്ചമോ റിഫ്‌ളക്ടറുകളോ സ്ഥാപിച്ചിരുന്നില്ല. വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്നു സുനിൽ. ബോർഡിൽ തട്ടി റോഡിലേക്ക് തെറിച്ചു വീണ സുനി​ൽ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ, ഇന്നോവ കാർ ദേഹത്തുകൂടി​ കയറി​യി​റങ്ങി. കാർ യാത്രക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: ക്ലീറ്റസ്, മാതാവ്: ഡെയ്‌സി, ഭാര്യ: രേഷ്മ. മക്കൾ: സെറീന, സെറിൽ. സംസ്‌കാരം ഇന്ന് കൊട്ടിയം നിത്യസഹായ മാതാ ദേവാലയത്തിൽ. മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കൊട്ടിയം പൊലീസ് കേസെടുത്തു.