കൊല്ലം: 10 വർഷത്തിൽ കൂടുതലായി പൂട്ടിക്കിടക്കുന്ന ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ കേന്ദ്രങ്ങളിൽ ഒന്നായ പാർവതി മിൽ തുറന്നു പ്രവർത്തിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നിവയുടെ നേതൃത്വത്തിൽ 30ന് രാവിലെ 10 മുതൽ പാർവതി മില്ലിന് മുന്നിൽ തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ പാർവതിമിൽ ജീവനക്കാരുടെ സംയുക്ത പ്രവർത്തക യോഗം തീരുമാനിച്ചു. യോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു അദ്ധ്യക്ഷനായി. എ.എം.ഇക്ബാൽ, ബി.മോഹൻദാസ്, ജി.ആനന്ദൻ, ബി.രാജു എന്നിവർ സംസാരിച്ചു.