പുനലൂർ: നഗരസഭയുടെ വൈസ് ചെയർമാനായി സി.പി.ഐയിലെ ആർ.രഞ്ജിത്തിനെ തിരഞ്ഞെടുത്തു. ഇടത് മുന്നണി ധാരണ അനുസരിച്ച് വൈസ് ചെയർമാനായിരുന്ന സി.പി.എമ്മിലെ ഡി.ദിനേശൻ നേരത്തെ രാജി വെച്ചതിനെ തുടർന്നാണ് ഇന്നലെ പുതിയ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് നടന്നത്. 35അംഗ കൗൺസിലിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച രഞ്ജിത്തിന് 20വോട്ടും യു.ഡി.എഫ് സ്ഥാനാർത്ഥിയായ എം.പി.റഷീദ് കുട്ടിക്ക് 14വോട്ടും ലഭിച്ചും. ഇടത് മുന്നണിയിലെ ഒരു അംഗം അവധിയിലായിരുന്നു. ഭരണിക്കാവ് വാർഡിൽ നിന്ന് കന്നി മത്സരത്തിലൂടെ വിജയിച്ചാണ് രഞ്ജിത്ത് കൗൺസിലിൽ എത്തിയത് .ഇന്നലെ രാവിലെ 11ന് നഗരസഭ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ വരണാധികാരിയായ പുനലൂർ വനം സെയിൽസ് ടിംബർ ഡി.എഫ്.ഒ ഹാബിയുടെ നിയന്ത്രണത്തിലായിരുന്നു വോട്ടെടുപ്പു നടന്നത്.തുടർന്ന് വിജയിച്ച രഞ്ജിത്ത് നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലതയുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.