എഴുകോൺ : വേനൽ കടുത്തതോടെ എഴുകോണിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. വീട്ടുമുറ്റത്തെ കിണറുകൾ മിക്കതും വറ്റി വരണ്ടു. ജല ജീവൻ പദ്ധതിയിൽ വല്ലപ്പോഴുമാണ് വെള്ളം കിട്ടുന്നത്. പ്രാദേശിക പദ്ധതികളിലും ആഴ്ചയിൽ ഒരിക്കലാണ് വെള്ളം. ജലവിതരണ കുഴലുകൾ മിക്ക സ്ഥലത്തും അടിക്കടി തകരുന്നതും ജനങ്ങളെ വലയ്ക്കുന്നുണ്ട്. യഥാസമയം അറ്റ കുറ്റപ്പണികൾ നടത്താത്തതിനാൽ ആഴ്ചയിൽ ഒരിക്കൽ വരുന്ന വെള്ളവും പല പ്രദേശങ്ങളിലും കിട്ടാറില്ല.
വില കൊടുത്ത് വെള്ളം
ചിറ്റാകോട് എൽ.പി.എസ് ഭാഗം, വി.കെ.എം, പൈങ്ങാമുകൾ, കോയിക്കൽ, ഇടയ്ക്കോട്, ഇലഞ്ഞിക്കോട്, അറു പറക്കോണം, കൊച്ചാഞ്ഞിലിമൂട്, മലവിള ഭാഗങ്ങളിൽ കുടിവെള്ളത്തിന് കുടവുമായി കാത്തിരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. വില കൊടുത്ത് വെള്ളം വാങ്ങിയാണ് ജനങ്ങൾ ഓരോ ദിനവും കഴിച്ചു കിട്ടുന്നത്. അണുകുടുംബത്തിന് ഒരു ദിവസം ശരാശരി 500 ലിറ്റർ വെള്ളം വേണ്ടി വരും. 250 മുതൽ 300 രൂപ വരെയാണ് ഇതിന് നൽകേണ്ടത്.അർദ്ധ പട്ടിണിക്കാരായ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റാണ് ഇതിലൂടെ തകരുന്നത്.
500 ലിറ്റർ വെള്ളം
250 മുതൽ 300 രൂപ വരെ
കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടം ഓടുകയാണ്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.
ഉണ്ണി ലക്ഷ്മണ
സെക്രട്ടറി, ബി.ജെ.പി എഴുകോൺ പഞ്ചായത്ത് സമിതി