nda

കൊല്ലം: എൻ.ഡി.എ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാർ ഇളമ്പള്ളൂരിലെ വിവിധയിടങ്ങളിൽ പ്രചാരണം നടത്തി. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ ഇളമ്പള്ളൂർ പീഠത്തിലും സ്തൂപത്തിലും അദ്ദേഹം പുഷ്പാർച്ചന നടത്തി. തുടർന്ന് ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെത്തി പൊതുജനങ്ങളെയും ജീവനക്കാരെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. കശുഅണ്ടി ഫാക്ടറിയായ വെള്ളിമൺ ചോതി എന്റർപ്രൈസിൽ എത്തിയ സ്ഥാനാർത്ഥിക്ക് തൊഴിലാളികൾ ഊഷ്മള വരവേൽപ്പ് നൽകി.

കശുഅണ്ടി വ്യവസായം ഉൾപ്പടെയുള്ള വ്യവസായങ്ങൾ കേരളത്തിൽ ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് കാരണം കാലാകാലങ്ങളിൽ കേരളത്തിൽ അധികാരത്തിലുണ്ടായിരുന്ന സർക്കാരുകളുടെ വികലമായ നയങ്ങളും വികസനവിരുദ്ധ നിലപാടുകളുമാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. ചന്ദനത്തോപ്പിലുള്ള സർക്കാർ ഐ.ടി.ഐയിലും ഗവ. ബേസിക് ട്രെയിനിംഗ് സെന്ററിലും കൃഷ്ണകുമാർ സന്ദർശിച്ചു.

ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസി​ക്യൂട്ടർ എസ്. അനീഷ്യയുടെ പരവൂരിലെ വീട് സന്ദർശിച്ചു.